കാറിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന
നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി കിഴക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (28) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുകയില ഉത്പന്നങ്ങൾ കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെയോടെ കൂവപ്പള്ളി കുറുവാമൂഴിയിൽ നിന്നാണ് പിടികൂടിയത്.

6480 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ  പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.  ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുകുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ അരുൺ തോമസ്, രാധാകൃഷ്ണപിള്ള, സിപിഒ സന്ദീപ് രവീന്ദ്രൻ, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.