എരുമേലി : കൊരട്ടി കെറ്റിഡിസി പിൽഗ്രിം സെൻറ്ററിൽ മുറിയിൽ താമസിച്ചവരെ പുറ ത്തു നിന്നെത്തിയവർ കയ്യേറ്റം ചെയ്തപ്പോൾ ചോദ്യം ചെയ്ത ജീവനക്കാരന് ഗുണ്ടകളു ടെ ക്രൂര മർദ്ദനം. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.  സെൻറ്റ റിലെ ജീവനക്കാരനായ സിപിഎം എരുമേലി മുൻ ലോക്കൽ കമ്മറ്റിയംഗം മണിപ്പുഴ ചാലക്കുഴി വർഗീസ് പോളിനെയാണ് മർദ്ദിച്ചത്. മുറിയെടുത്ത് താമസിച്ച രണ്ടുപേരെ കയ്യേറ്റം ചെയ്ത അക്രമി സംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. മർദ്ദിച്ചവർ ഗുണ്ടാ പ്രവർത്തനങ്ങളുടെ പേരിൽ ഡിവൈഎഫ്ഐ യിൽ  നിന്നും ഒഴിവാക്കപ്പെട്ടവ രാണെന്ന് പറയുന്നു.സെൻറ്ററിൽ മുറിയെടുത്തവർ മാസങ്ങൾക്ക് മുമ്പ്  കഞ്ചാവ് വിൽപന അറിയിച്ചതിൻറ്റെ വിരോധമാണ് സംഭവത്തിന് കാരണമെന്നും   പറയുന്നു. മുറിയിലുണ്ടായിരുന്നവർ രക്ഷ പെട്ടതോടെ സംഘം മുറിക്കുളളിലെ ബാത് റൂം തകർത്തു. തുടർന്നാണ് വർഗീസ് പോളി നെ ആക്രമിച്ചത്. വർഗീസിനൊപ്പമുണ്ടായിരുന്ന സഹായി ആമക്കുന്ന് സ്വദേശി കണ്ണൻ ആക്രമികളെ ഭയന്ന് കെട്ടിടത്തിൻറ്റെ ഒരു മൂലയിലൊളിച്ചിരുന്നു. രണ്ട് പേർ ചേർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും മറ്റ് രണ്ട് പേർ  കുറുവടി ഉപയോഗിച്ച് കൈമുട്ടുകളിൽ അടിക്കുകയും ചെയ്തെന്ന് വർഗീസ് പോൾ പറഞ്ഞു.

ഓടി ഒരു മുറിയിൽ കയറി കതകടച്ചപ്പോൾ കതക് അടിച്ചുതകർത്ത് സംഘം അകത്തു കയറി വീണ്ടും മർദ്ദിച്ചു. കസേരകളും മേശയും ഉപകരണങ്ങളും അടിച്ചുതകർത്തു. ഇതിനിടെ വർഗീസ് പോളിൻറ്റെ പോക്കറ്റിലെ മൂവായിരം രൂപയുൾപ്പടെ പഴ്സ് ഒരാൾ പിടിച്ചുപറിച്ചെടുത്തു. മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും പറമ്പിൽ തെറിച്ചു വീണതിനാൽ അക്രമികൾക്ക് കിട്ടിയില്ല. രക്ഷപെടാനായി വർഗീസ് പോൾ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു പൂട്ടി. എന്നാൽ ഈ മുറിയുടെ കതകും അക്രമി സംഘം തകർത്തു. ഇതോടെ ബാത് റൂമിൽ കയറി കതകടച്ചു. ഈ കതക്  തകർക്കാൻ അക്രമികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് അക്രമി സംഘം മടങ്ങുന്നതുവരെ ബാത് റൂമിൽ കഴിയുകയായിരുന്നെന്ന് വർഗീസ് പോൾ പറഞ്ഞു. എരുമേലി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി വർഗീസ് പോളിനെ കാഞ്ഞിരപ്പളളി ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ പിടികൂടുമെന്നും മണിമല സിഐ റ്റി ഡി സുനിൽ കുമാർ അറിയിച്ചു. . സംഭവത്തിൽ സിപിഎം എരുമേലി ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.