കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് 19 സ്പെഷ്യൽ ഡ്യൂട്ടിയ്ക്കായി എത്തിച്ച രണ്ടു വാഹനങ്ങളും കട്ടപ്പുറത്ത്. ടയറുകൾ തീർന്നതും, ഇൻഷുറൻസ് കാലവധികഴിഞ്ഞതുമാണ് ഇവ ഓടാൻ കഴിയാതെ കട്ടപ്പുറത്താകാൻ കാരണം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കോവിഡ് സ്പെഷ്യൽ ഡ്യൂട്ടിയ്ക്കായാണ് ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് 2 സ്കൂൾ ബസ്സുകൾ നൽകിയത്.കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് കേന്ദ്രങ്ങളിലേയ്ക്ക് അടക്കം കൊണ്ടു പോകുവാനായിരുന്നു ഇത്. ഈ രണ്ടു വാഹനങ്ങളും കട്ടപ്പുറത്തായ സ്ഥിതിയാണ് ഇപ്പോൾ.രണ്ടും ആശുപത്രി കോമ്പൗണ്ടിൽ കയറ്റിയിട്ടിരിക്കുകയാണ്.

രണ്ടു വാഹനങ്ങളുടെയും ടയറുകൾ തേഞ്ഞ് തീർന്നതാണ് ഉപയോഗിക്കാൻ കഴിയാ താകാൻ കാരണം. ഒരു വാഹനത്തിൻ്റെ ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞ അവ സ്ഥയിലാണ്. വാഹനങ്ങളുടെ ടയറുകൾ മാറാനും ഇൻഷ്വറൻസ് പുതുക്കാനും കളക്ടറുടെ അനുമതിയോടെ വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് ജനറൽ ആശുപത്രി അധികൃതർ കത്ത് നൽകിയിട്ട് നാളുകളായി.എന്നാൽ തങ്ങൾക്ക് ഡിപ്പാർട്ട്മെൻ്റ് തല ഉത്തരവ് ഇക്കാര്യത്തിൽ ലഭിച്ചിട്ടില്ലന്ന് കാട്ടി ഇവർ നടപടി വൈകിയ്ക്കുകയാണ്.നിലവിൽ കോവിഡ് രോഗികളെ കൊണ്ടുപോകാനും, മറ്റ് രോഗികളെ കൊണ്ടുപോകാനുമായി ഒരു ആംബുലൻസ് മാത്രമാണ് ജനറൽ ആശുപത്രിയിൽ ഉള്ളത്. ഇതു മൂലം പലപ്പോഴും സ്വകാര്യ ആംബുലൻസുകളെയോ, വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ആശുപത്രിയിൽ എത്തുന്നവർക്ക്. മൂന്ന് 108 ആംബുലൻസുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവയെല്ലാം ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്ന സാഹചര്യത്തിൽ കട്ടപ്പുറത്തായ വാഹനങ്ങളെങ്കിലും നിരത്തിലിറക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.