മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് വനംവകുപ്പ്. ചെന്നാപ്പാറ കൊമ്പുകുത്തി മേഖലയില്‍ പുലിയുടെ ശല്യം പതിവായതി ന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിക്കുന്നത്. പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയകളിലുമാണ് വീഡിയോ എത്തുന്നത്. വണ്ടന്‍പതാലിനും പനക്കച്ചിറയ്ക്കും ഇട യില്‍ തേക്കിന്‍കൂപ്പില്‍ കടുവ ഇറങ്ങിയതായാണ് വാര്‍ത്ത പ്രചരിക്കുന്നത്.

ഇതുകണ്ടതോടെ പ്രവാസികള്‍ ഭീതിയിലായി. ചെന്നാപ്പാറ, കൊമ്പുകുത്തി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ടെന്നു നാട്ടുകാര്‍ പറയുകയും കാമറ ഉള്‍പ്പെടെ സ്ഥാപിച്ച് അന്വേഷണം നടത്തിവരികയുമാണ്. ഇതിനിടെ കടുവയും ഇറങ്ങിയെന്ന വാര്‍ത്ത ജനങ്ങള്‍ വിശ്വസിച്ചു.എന്നാല്‍, ഈ വീഡിയോ വടക്കേ ഇന്ത്യയിലെ ഏതോ വനാതിര്‍ത്തി പ്രദേശത്തെ ആണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ നിന്നു ജനങ്ങള്‍ പിന്തിരിയണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.