എരുമേലി : പ്രളയം ഏൽപ്പിച്ച നാശനഷ്‌ടങ്ങൾ റവന്യൂ വകുപ്പ് തിട്ടപ്പെടുത്തുന്നതിനു പുറമെ ഗ്രാമപഞ്ചായത്തും കണക്കെടുപ്പ് നടത്തിയപ്പോൾ പ്രാഥമിക കണക്കുകൾ തമ്മിൽ അന്തരം.എരുമേലി തെക്ക് വില്ലേജ് ഓഫീസർ പ്രസാദും ജീവനക്കാരും നടത്തിയ കണ ക്കെടുപ്പിൽ ഏഴ് വീടുകൾ പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നെന്നാണ് റിപ്പോർട്ട്‌. അതേസമയം പഞ്ചായത്ത്‌ സെക്രട്ടറി പി എ നൗഷാദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ജീവനക്കാർ നടത്തിയ കണക്കെടുപ്പിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം പത്തും 20 വീടുകൾക്ക് ഭാഗിക നാശം നേരിട്ടെന്നുമാണ് റിപ്പോർട്ട്‌.റവന്യൂ ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം പൂർണമായി നശിച്ചത് ഇടകടത്തിയിൽ മൂന്നും കണമല, മൂലക്കയം, അഴുതമുന്നി,എയ്ഞ്ചൽവാലി എന്നിവിടങ്ങളിൽ ഒന്നും വീതം വീടുകൾ ആണെന്ന് പറയുന്നു. പഞ്ചായത്ത്‌ നടത്തിയ കണക്കെടുപ്പ് പ്രകാരം ഇടകടത്തി നരകത്തോലിൽ പ്രഭാകരൻ, അഴുതമുന്നി കോരോത്ത് കെ എൻ ശ്രീധരൻ, കണമല കുരിയിലംകാട്ടിൽ വക്കച്ചൻ, കണമല മാടമല അപ്പുക്കുട്ടൻ, എയ്ഞ്ചൽവാലി കണ്ടത്തിൽ സണ്ണി മാത്യു, കണമല പുളിക്കൻ പി കെ പ്രസാദ്, പ്ലാച്ചിക്കൽ തകടിയേൽ പൊന്നമ്മ, കണമല പയ്യനാപ്പള്ളി ശശികുമാർ, ആലപ്പാട്ട് വി ജെ ആന്റണി, ആലപ്പാട്ട് സിബി ജോസഫ് എന്നിവരുടെ വീടുകൾ പൂർണമായി നശിച്ചെന്ന് പറയുന്നു.ഇത് പ്രാഥമിക കണക്കാണെന്നാണ് ഇരു വിഭാഗം ഉദ്യോഗസ്ഥരും പറയുന്നത്. കണക്കെടു പ്പിന്റെ അന്തിമ റിപ്പോർട്ട്‌ പൂർത്തിയായിട്ടില്ല. അതേസമയം നഷ്‌ടപരിഹാരം ഏത് കണക്കിലൂടെയാണ് ലഭിക്കുകയെന്ന അവ്യക്തത ദുരിതബാധിതരിൽ വ്യാപകമായിട്ടു ണ്ട്. ഈ ആശയക്കുഴപ്പം മൂലം വില്ലേജ്, പഞ്ചായത്ത്‌ ഓഫീസുകളിൽ ഒരേ പോലെ കയറി ഇറങ്ങുകയാണ് അപേക്ഷകർ. റവന്യൂ വകുപ്പ് നൽകുന്ന കണക്ക് പ്രകാരമാണ് നഷ്‌ടപരിഹാരം ലഭിക്കുക. അതേസമയം വീടുകളുടെ പുനർ നിർമാണത്തിന് പഞ്ചായ ത്ത്‌ കനിഞ്ഞാലാണ് സാധ്യമാവുക.വീട് നഷ്‌ടപ്പെട്ടവരെ സമഗ്ര പാർപ്പിട പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടു ത്താൻ സർക്കാർ തീരുമാനമെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇത് മുന്നിൽ കണ്ടാണ് പഞ്ചായത്ത്‌ ജീവനക്കാർ കണക്കെടുപ്പ് നടത്തിയത്. കൃഷി നഷ്‌ടത്തിന് ധനസഹായം തേടി നിരവധി അപേക്ഷകളാണ് വില്ലേജ് ഓഫീസിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.