കോട്ടയം : ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഇരട്ടപ്പാത നിർമാണ പ്രവർത്തനങ്ങൾക്കുള്ള കല്ല് ഇറക്കുന്നതിനിടെ ടോറസ് ലോറി വൈദ്യുതി ലൈനുകളിൽ തട്ടി കത്തിനശിച്ചു. തീ കത്തിപ്പടരുന്നതു കണ്ട് ഇറങ്ങിയോടിയ ഡ്രൈവർ തലനാരിഴ യ്ക്കു രക്ഷപ്പെട്ടു. വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്നു കായംകുളം – കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകി. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഇരട്ടപ്പാതയുടെ പുതിയ ട്രാക്കിൽ നിറയ്ക്കാനായെത്തിച്ച മെറ്റൽ നിർമാണ സ്ഥലത്തെ ത്തിക്കുന്ന ടോറസാണു കത്തിയത്. ചിങ്ങവനം സ്റ്റേഷനിലെ നാലാം ട്രാക്കിന്റെ സമീപ മെത്തിയ ടോറസ് പിൻഭാഗം ഉയർത്തി മെറ്റൽ പുറത്തേക്കു തള്ളാൻ ശ്രമിക്കുന്നതിനിടെ 25 കെവി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു. ഇതോടെ വൈദ്യുതി ബന്ധവും വിച്ഛേ ദിക്കപ്പെട്ടു.

ഡ്രൈവർ നോർത്ത് പറവൂർ സ്വദേശി കെ.എസ്.സോജൻ (35) മാത്രമാണ് വാഹനത്തിലു ണ്ടായിരുന്നത്. കോട്ടയം, ചങ്ങനാശേരി അഗ്നിശമന സേനകളിൽ നിന്നുമായി മൂന്നു യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീയണച്ചത്. ആദ്യം വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉടൻ തന്നെ ഫോം ഉപയോഗിച്ച് അര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ടോറസ് കിടന്നിരുന്നതിന് സമീപമുള്ള ഭാഗത്തെ പുല്ലിനും തീപിടിച്ചു.

ടോറസിലെ തീ ആളിക്കത്തിയോടെ പ്രദേശമാകെ കറുത്ത പുക വ്യാപിച്ചു. ഇതോടെ സമീപ മേഖലകളിൽ താമസിക്കുന്ന ജനങ്ങൾ വീടു വിട്ടിറങ്ങി. ടോറസ് പൂർണമായും കത്തി. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. റെയിൽവേ ജോലികളുടെ കരാർ എടുത്തിട്ടുള്ള കമ്പനിയുടേതാണു വാഹനം. സംഭവത്തിൽ റെയിൽവേയ്ക്കുണ്ടായ നഷ്ടം കരാറുകാരിൽ നിന്നു തന്നെ ഈടാക്കും. ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. ന്യൂഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ്, നാഗർകോവിലേക്കുള്ള പരശുറാം എന്നിവ അരമണിക്കൂറിലേറെ വൈകി.