എരുമേലി : വെളളിയാഴ്ച രാത്രിയില്‍ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്റിനടു ത്തും പ്രൈവറ്റ് ബസ് സ്റ്റാന്റ്റിനടുത്തും രണ്ട് കടകളിലുണ്ടായ തീ പിടുത്തം പരിഭ്രാന്തി സൃഷ്ടിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്റ്റിനടുത്ത് ദേവസ്വം കെട്ടിടത്തില്‍ ചന്ദ്രന്റ്റെ കടയുടെ മുന്നിലുളള ചായക്കടയിലായിരുന്നു ആദ്യ തീ പിടുത്തം. രാത്രി ഒന്‍പതോടെ പാചകവാ തകം ചോര്‍ന്നുണ്ടായ തീ പിടുത്തം വ്യാപിക്കുന്നതിന് മുമ്പ് അഗ്‌നിശമനസേനയെത്തി കെടുത്തി. 
രാത്രി പത്തരയോടെയാണ് പ്രൈവറ്റ് ബസ് സ്റ്റാന്റ്റിനടുത്ത് കൈരളി റെജിയുടെ അടച്ചി ട്ടിരുന്ന പച്ചക്കറി വില്‍പന കടയിലാണ് അഗ്‌നിബാധയുണ്ടായത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടിലൂടെ പടര്‍ന്ന തീ കടയ്ക്കുളളില്‍ വ്യാപിച്ച് ഇലക്ട്രിക് ഉപകരണങ്ങളുള്‍പ്പടെ വിലപിടിപ്പുളള നിരവധി സാധനങ്ങള്‍ കത്തി നശിച്ചു. ഈ സമയം അതുവഴി വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഭാരവാഹികളുമായ ഏതാനും യുവാക്കള്‍ തീയും പുകയും കണ്ട് ധൈര്യസമേതം കടയ്ക്കുളളില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി തീ കെടുത്താന്‍ ശ്രമിച്ചു.

ഏഴ് ഗ്യാസ് സിലിണ്ടറുകള്‍ കടയ്ക്കുളളിലുണ്ടായിരുന്നു. ഇവയുള്‍പ്പടെ സാധനങ്ങള്‍ വലിച്ച് ഇവര്‍ പുറത്തിട്ടതിനൊപ്പം വെളളം കൊണ്ട് വന്ന് തീ കെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇവര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ ഫോഴ്‌സെത്തി തീ പൂര്‍ണമായും കെടുത്തി. ഡിവൈഎഫ്‌ഐ മേഖലാ സെക്കട്ടറി റാഫി, റസല്‍, ഷെബിന്‍, അനസ്, അരവിന്ദ്, അഭിജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.