കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഫയർസ്റ്റേഷൻ്റെ പ്രവർത്തനം നിർത്തി. പുതിയ താല്ക്കാലിക ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കും.
ആകെയുള്ള 45 ജീവനക്കാരിൽ 38 പേർക്കാണ് കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേരുടെ കൂടെ പരിശോധന ഫലം ലഭ്യമാകാനുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളവരുടെ ഫലങ്ങളാണ് ലഭ്യമാകാനുള്ളത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വാക്സിനെടുത്ത ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിനെടുത്ത് 15 ദിവസം വരെ പിന്നിട്ടവരും ഇതിലുൾപ്പെടും. ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ നിലവിലെ ഫയർ സ്റ്റേഷൻ്റെ പ്രവർത്തനം നിർത്തി.
നിലവിൽ ഇവിടെ വരുന്ന ഫോൺകോൾ സ്വീകരിച്ച ശേഷം സമീപ ഫയർ സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറുകയാണ് ചെയ്തു വരുന്നത്. കാഞ്ഞിരപ്പള്ളിയിൽ തന്നെ താല്ക്കാലിക ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കാനും അധികൃതർ നീക്കം ആരംഭിച്ചു. മറ്റ് യൂണിറ്റുകളിൽ നിന്ന് ഇതിനായി ജീവനക്കാരെ നിയോഗിക്കും.ഇതിനിടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് പരിശോധന ക്യാമ്പിൽ 84 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, ഹരിത കർമ്മ സേനാംഗങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ എന്നിവരെയാണ് ആർ ടി പി സി ആർ പരിശോധന നടത്തിയത്.