സേവനത്തിലെ ജനമൈത്രിയുടെ മികവിലൂടെ മുഖ്യമന്ത്രിയുടെ മെഡലിനര്‍ഹനായ കാക്കിക്കുളളില്‍ ശബ്ദമാധുര്യം നിറഞ്ഞ ഭാവഗായകനെ ശ്രവിച്ചപ്പോള്‍ അനുമോദനം പകര്‍ന്ന് നാടൊന്നാകെ കയ്യടിച്ചു. എന്നാല്‍ അല്‍പസമയം കഴിഞ്ഞപ്പോള്‍ നിവൃത്തി യില്ലാതെ നാട്ടുകാര്‍ പരക്കം പാഞ്ഞു. കൂട്ടയടിയും സംഘര്‍ഷവും ഗാനമേളയുടെ നിറം കെടുത്തിയത് കഴിഞ്ഞ ഒന്നിന് വ്യാഴാഴ്ച രാത്രിയില്‍ എരുമേലി ധര്‍മ ശാസ്താ ക്ഷേത്ര ത്തിലായിരുന്നു.

തിരുവുത്സവത്തിന്റ്റെ എട്ടാമത്തെ ദിവസം പോലിസ് ഓര്‍ക്കസ്ട്ര നടത്തിയ ഗാനമേളക്കി ടെയായിരുന്നു സംഘട്ടനം. കഴിഞ്ഞയിടെ സംഘട്ടനമുണ്ടായ പ്രശ്‌നത്തിന്റ്റെ തുടര്‍ച്ചയാ യിരുന്നു ഉത്സവത്തിരക്കിനിടെ അരങ്ങേറിയതെന്ന് പോലിസ് പറയുന്നു. തലയിലും മുഖത്തും മുറിവുകളും ചതവുമേറ്റ ബിജെപി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്റ് ശ്രീനിപുരം പേഴുംകാട്ടില്‍ ഹരികൃഷ്ണനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെ ഒബ്‌സര്‍വേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സിപിഐ പ്രവര്‍ത്തകന്‍ ഒഴക്കനാട് പനച്ചിക്കുന്നേല്‍ ബാബു, ഭാര്യ രജനി, വാഴക്കാലാ യില്‍ റിനോഷ് എന്നിവര്‍ പരിക്കുകളോടെ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. സംഭവത്തില്‍ കേസെടുത്തെന്ന് എരുമേലി എസ്‌ഐ മനോജ് മാത്യു അറിയിച്ചു. കോട്ടയം പോലിസ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയില്‍ അതിഥി ഗായകരായി എരുമേലി യുടെ സുനില്‍ ബാബയും അയിരൂരിലെ അരുണും ഗായകരായി തിളങ്ങി. ഗാനമേളയുടെ സ്‌പോണ്‍സര്‍മാരിലൊരാളായ മണിമല സിഐ റ്റി ഡി സുനില്‍ കുമാര്‍ പല വേദികളി ലും ഗായകനായി മാറിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പോലിസ് ഡ്യൂട്ടി വഹിക്കുന്ന പ്രദേശത്ത് ഉത്സവമേളത്തിനൊപ്പം പാടുന്നത്.

ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും നേരം, ഇന്ദ്രധനുസിന്‍ തൂവല്‍ പൊഴിയും നേരം…ഈ മനോഹര തീരം തരുമോ ഇനിയൊരു ജന്മം കൂടി.” … സിഐ ശ്രുതി മധുരമായി ആലപി ച്ച ഈ ഗാനംകയ്യടികളോടെയാണ് ജനം ആസ്വദിച്ചത്. എറണാകുളം സിറ്റി പോലിസിലെ യും കടുത്തുരുത്തി സ്റ്റേഷനിലെയുമൊക്കെ പോലിസുകാര്‍ നിയമത്തിന്റ്റെ കാര്‍ക്കശ്യം ഊരിവെച്ച് പാട്ടിന്റ്റെ വസന്തം തീര്‍ക്കുമ്പോഴാണ് ക്ഷേത്ര മൈതാനത്തിന്റ്റെ പിന്‍നിര യില്‍ അടി പൊട്ടിയത്. ആള്‍ക്കൂട്ടം തിരിഞ്ഞുനോക്കി ഓടിയെത്തിയതോടെ ഗാനമേള അലങ്കോലമായി. പാട്ടും താളങ്ങളും അടിയുടെയും പരക്കം പാച്ചിലിന്റ്റെയും ബഹളങ്ങളില്‍ മുങ്ങി.

സ്ത്രീകളും കുട്ടികളും ആശങ്കയുടെ ഭീതിയിലേറി. പിടിച്ചുമാറ്റി സംഘട്ടനം ശാന്തമാക്കി മാറ്റാന്‍ പോലിസുകാര്‍ക്ക് ഏറെ ക്ലേശിക്കേണ്ടി വന്നു. പോലിസ് ഗാനമേളയായതിനാല്‍ സംഘര്‍ഷമുണ്ടാകില്ലെന്ന പ്രതീക്ഷയോടെ എത്തിയവരായിരുന്നു ഏറെയും. സഹപ്ര വര്‍ത്തകരുടെ ഗാനമേള കണ്ടാസ്വദിക്കാന്‍ എത്തിയ പോലിസുകാര്‍ പെട്ടന്ന് ഡ്യൂട്ടി ഏറ്റെടുക്കേണ്ടി വന്നു. കാക്കി മാറ്റി മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ പോലീസ് ഗായകര്‍ മുണ്ട് മടക്കിക്കുത്തി നിയമപാലകരാകാന്‍ തയ്യാറെടുത്തെങ്കിലും സംഘര്‍ഷം ശമിച്ചിരു ന്നു. ഏതാനും പാട്ടുകള്‍ കൂടി കഴിഞ്ഞതോടെ അമ്പലപ്പറമ്പ് വിജനമായി. ഇതോടെ കാണികള്‍ക്കും ഉത്സവ നടത്തിപ്പുകാര്‍ക്കും നന്ദിയുടെ നറുമലരുകളര്‍പ്പിച്ച് ഗാനമേള ട്രൂപ്പ് വേദി വിട്ടു.