അപകടം സംഭവിച്ചാല്‍ അധികൃതര്‍ ഉത്തരവാദിയായിരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതോടെ കഴിഞ്ഞയിടെ നവീകരിച്ച എരുമേലിയിലെ ഇടുങ്ങിയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ചായംപൂശി മോടിപിടിപ്പിച്ചു പഞ്ചായത്ത്. പുതിയ ചായം അടിച്ച് മിനുക്കിയതു കൂടാതെ ചോര്‍ച്ച പരിഹരിക്കാന്‍ നേരത്തെ റൂഫിംഗ് സ്ഥാപിച്ചിരുന്നു. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് തടയാന്‍ സിമന്റ് മിശ്രിതം തേച്ചു. കംഫര്‍ട്ട് സ്റ്റേഷന്‍ എന്ന് പറയാനാകില്ലെങ്കിലും ഉള്ള മൂത്രപ്പുര പ്രവര്‍ത്തനക്ഷമവുമാക്കി. പക്ഷേ, ഇതിനെല്ലാം ചെലവായത് നല്ലൊരു തുകയാണെന്നു മാത്രം.

കാലപ്പഴക്കം മൂലം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ 35 ലക്ഷത്തോളം മുടക്കി കഴിഞ്ഞയിടെ നവീകരണ പ്രവര്‍ത്തനം നടത്തിയതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവെത്തിയത്. ഇതോടെയാണ് പെയിന്റിംഗ് ജോലികള്‍ നടത്തിയത്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് അപകടം സംഭവിച്ചാല്‍ അധികൃതര്‍ ഉത്തരം പറയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിടുകയായിരുന്നു. എരുമേലി സ്വദേശി പി.എ. റഹിം ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഉത്തരവ്.

2020 വരെ കെട്ടിടം ഉപയോഗിക്കാമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാഭീഷണിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇത് പരിഗണിച്ച കമ്മീഷന്‍ എല്ലാ വര്‍ഷവും ക്യത്യമായി പരിശോധന നടത്തി അപാകതയില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. ശുചിമുറികള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. ഉയരമേറിയ മണ്‍തിട്ടയില്‍ ലക്ഷങ്ങള്‍ മുടക്കി കംഫര്‍ട്ട് സ്റ്റേഷന്‍ പണിതതാണ് അബദ്ധമായത്. ഈ കെട്ടിടം ഉപയോഗിക്കാനാകാതെ പൊളിച്ചുനീക്കേണ്ടി വന്നു. താഴ്ചയില്ലാത്ത സെപ്റ്റിക് ടാങ്ക് നിര്‍മിച്ചാണ് ശൗചാലയം പണിതത്. ഇതാകട്ടെ പൊട്ടിയൊലിച്ച് മിക്കപ്പോഴും ശൗചാലയം പൂട്ടുന്നതിന് കാരണമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാക്കാന്‍ ഒരു കാരണമായത് ശൗചാലയ വിവാദമായിരുന്നു.

ഒട്ടേറെ സമരങ്ങളും വിവിധ കമ്മീഷനുകളുടെ ഇടപെടല്‍ ഒക്കെയുണ്ടായിട്ടും ശൗചാലയത്തിന്റെ സ്ഥിതിയും സ്റ്റാന്‍ഡിന്റെ വികസനപ്രശ്‌നവും പരിഹരിക്കാനായിട്ടില്ല. സ്ഥലപരിമിതിയാണ് പ്രധാന തടസം. പുതിയ സ്റ്റാന്‍ഡിന് സ്ഥലമെടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. വൈറ്റില ഹബ് മോഡലില്‍ പുതുക്കിപ്പണിയാന്‍ മുന്‍ ഭരണസമിതി നടത്തിയ നീക്കവും പരാജയപ്പെട്ടിരുന്നു.