ആഘോഷങ്ങൾ, വാദ്യമേളങ്ങൾ, വർണപ്പകിട്ടുകൾ… ആമ്പലപ്പുഴ, ആലങ്ങാട് പേട്ടതു ള്ളൽ ആയിരങ്ങളെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും  ലഹരിയിലാഴ്ത്തി. ജനസാ ഗരം സാക്ഷിയായ പേട്ടതുള്ളൽ മതമൈത്രീ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഇടംപിടിച്ചു.

ഇന്നലെ എരുമേലിയിലേക്ക് ജനപ്രവാഹമായിരുന്നു. തെരുവുകളിൽ കാത്തു നിന്നവർ ക്ക് വിശ്വാസത്തിന്റെ ബലം പകർന്ന് ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യ ക്ഷപ്പെട്ടപ്പോൾ ജനസാഗരം ഭക്തി നിർവൃതിയിലായി. ആയിരങ്ങൾ ഒരേ സ്വരത്തിൽ ശരണമന്ത്രങ്ങൾ ഉരുവിട്ടു. പകൽ 12 മണിയോടെയാണ് ആദ്യം പരുന്ത് പ്രത്യക്ഷപ്പെട്ടത്. കൈകൾ ആകാശത്തേക്ക് കൂപ്പിയ ഭക്തരുടെ ശരണം വിളികൾ അപ്പോൾ ഉച്ചസ്ഥായി ലെത്തി.

ചടുലതാള വിസ്മയം സൃഷ്ടിച്ച് ആലങ്ങാട് തുള്ളൽ കാഴ്ചക്കാരെ കയ്യിലെടുത്തു. ചെണ്ട യും ചേങ്ങിലയും ശബ്ദഘോഷം മുഴക്കിയപ്പോൾ കാവടിയാട്ടം ദൃശ്യവിരുന്നായി. കൊടി, ഗോളക, കോമരം എന്നിവയും ആലങ്ങാട് തുള്ളലിനെ വ്യത്യസ്തമാക്കി. ദേഹമാകെ കളഭം ചാർത്തി, ശുഭ്ര വസ്ത്രമണിഞ്ഞാണ് ആലങ്ങാട് സംഘം പേട്ടതുള്ളിയത്.‌

പേട്ടതുള്ളി എത്തിയ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളെ വിവിധ സംഘടനകളും സ്ഥാ പനങ്ങളും സ്വീകരിച്ചു. വലിയമ്പലത്തിൽ ദേവസ്വം ബോർഡ്, അയ്യപ്പസേവാസംഘം എന്നിവർ സ്വീകരണമൊരുക്കി. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ആശ ജോയ്, അനിയ ൻ എരുമേലി, ടി.എച്ച്. ആസാദ് എന്നിവരും പേട്ടതുള്ളലിൽ എത്തി.അമ്പലപ്പുഴ സംഘം വാവരുസ്വാമിയെ ദർശിക്കാൻ ടൗൺ നൈനാർ മസ്ജിദിലേക്ക് പ്രവേശിച്ചതോടെ പുഷ്പവൃഷ്ടിയുടെ സുഗന്ധം പരിസരമാകെ നിറഞ്ഞു. ജമാ അത്ത് അംഗം ഹക്കിം മാടത്താനിയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ സംഘത്തെ പൂക്കൾ  വിതറി സ്വീകരിച്ചത്. ഭക്തസംഘത്തിനൊപ്പം തിടമ്പേറ്റിയ കരിവീരൻ ഉൾപ്പെടെ മൂന്ന് ആനകളും ഉണ്ടായിരുന്നു. മസ്ജിദിൽ നിന്ന് സംഘം പുറം തിരിയാതെയാണ് തിരികെ ഇറങ്ങിയത്. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം അമ്പലപ്പുഴ സംഘം നീങ്ങിയ കാഴ്ച മതസൗഹാർദത്തിന്റെ  വലിയ മാതൃകയായി.