പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിന്  ഇക്കഴിഞ്ഞ സെപ്റ്റംബർ  20നകം റി പ്പോർട്ട് സമർപ്പിക്കണമെന്ന  നിർദേശത്തെ തുടർന്ന്  എരുമേലിയിൽ പുതിയ പഞ്ചായ ത്ത്‌ രൂപീകരിക്കാൻ ശുപാർശ ചെയ്ത്  പഞ്ചായത്ത്‌ കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ റി പ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ താമസിയാതെ അനുകൂല തീരുമാനം ആവുകയും നട പടികൾ ആരംഭിക്കുകയും ചെയ്താൽ അടുത്ത ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് പ്ര ഖ്യാപനം നടക്കും മുമ്പ് എരുമേലി രണ്ടാകുമെന്ന് ഉറപ്പായി. മുക്കൂട്ടുതറ ഉൾപ്പെടുന്ന എരുമേലിയുടെ കിഴക്കൻ  പ്രദേശങ്ങൾ പുതിയ പഞ്ചായത്ത്‌ ആയി മാറും. മുക്കൂട്ടുതറ കേന്ദ്രമാക്കിയാണ്  പുതിയ പഞ്ചായത്ത്‌ രൂപീകരിക്കുന്നതിന് ശുപാർശ സമർപ്പിച്ചിരി ക്കുന്നത്.
പുതിയ പഞ്ചായത്തുകൾ രൂപീകരിക്കാൻ കഴിഞ്ഞ സെപ്റ്റംബർ  20 നകം റിപ്പോർട്ട്‌ സമർപ്പിക്കാൻ  തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക്  നിർദേശം നൽകിയിരുന്നു. കോട്ടയം ജില്ലയിൽ എരുമേലി കൂടാതെ പാമ്പാടി പഞ്ചായത്ത്‌ വിഭജിച്ച് വെള്ളൂർ പഞ്ചായത്ത്‌ രൂപീകരിക്കാനും റിപ്പോർട്ടിൽ ശുപാർശ ഉണ്ട്. സംസ്ഥാനത്ത് മൊത്തം 40 ഓളം പുതിയ പഞ്ചായത്തുകൾ  രൂപീകരിക്കാനാണ് ആലോചന. ഈ പട്ടികയിൽ ആദ്യം തന്നെ എരുമേലി ഉൾപ്പെട്ടിട്ടുണ്ടെന്ന് ന്യൂസ്‌ എരുമേലി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
 പഞ്ചായത്ത്‌ ആകാനുള്ള കിഴക്കൻ മേഖലയിലെ നാട്ടുകാരുടെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം ജനസംഖ്യയാണ് തടസമായത്. ശബരിമല തീർത്ഥാടന പ്രദേശമായതിനാൽ വികസനം മുൻനിർത്തി ടൗൺഷിപ്പ് രൂപീകരിക്കാൻ മുൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതോടെ പുതിയ പഞ്ചായത്ത്‌ ഉറപ്പായിരുന്നു. ടൗൺഷിപ്പിന് മുന്നോടിയായി എരുമേലിയെ   മുനിസിപ്പാലിറ്റി പദവിയിലേക്ക് ഉയർത്താനും ടൗൺഷിപ്പിനായി കമ്മറ്റിയും രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നടപടികൾ നീങ്ങിയില്ല. ജില്ലാ കളക്ടർ അധ്യക്ഷനായ ടൗൺഷിപ്പ് കമ്മറ്റി നിലവിൽ വന്നെങ്കിലും പ്രവർത്തനം ഉണ്ടായില്ല. ഈ കമ്മറ്റിയിലെ ടൗൺഷിപ്പിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തു.
എരുമേലി ടൗൺഷിപ്പാവുകയും കിഴക്കൻ മേഖല പുതിയ പഞ്ചായത്ത്‌ ആവുകയും ചെയുമെന്നായിരുന്നു കണക്കുകൂട്ടൽ. അതിർത്തി പുനർനിർണയവും വാർഡുകളുടെ രൂപീകരണവും നടന്നെങ്കിലും അനക്കമില്ലാതെ  ഫയലിൽ കുടുങ്ങിക്കിടന്നു. ടൗൺഷിപ്പ് വേണ്ടെന്ന നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ എരുമേലിയുടെ വിഭജനം അനിശ്ചിതത്വത്തിലായി. ഇതോടെ കിഴക്കൻ മേഖല പഞ്ചായത്ത്‌ ആകുമെന്ന പ്രതീക്ഷ പൊലിഞ്ഞു.
തുടർന്ന് സംസ്ഥാന ഭരണം ഇടത് പക്ഷത്തേക്കെത്തിയതോടെ നടപടികൾ നിർത്തിവെച്ചു. പകരം പഞ്ചായത്തുകളിൽ ഹിതപരിശോധന നടത്താനാണ് നീക്കമുണ്ടായത്. ഇത് പ്രകാരം എരുമേലി പഞ്ചായത്ത്‌ കമ്മറ്റി ചേർന്ന് അംഗങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചു. കിഴക്കൻ മേഖലയെ പുതിയ പഞ്ചായത്ത്‌ ആക്കണമെന്ന് കമ്മറ്റി പ്രമേയം പാസാക്കി തീരുമാനം അറിയിച്ചു.
എന്നാൽ പ്രളയം സൃഷ്‌ടിച്ച സാമ്പത്തിക ബാധ്യതകൾ മൂലം പുതിയ ത്രിതല  പഞ്ചായത്തുകളുടെ  രൂപീകരണം തൽക്കാലത്തേക്ക് വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിൽ ഭേദഗതി ഉണ്ടായതോടെയാണ് പഞ്ചായത്തുകളിൽ അടിയന്തിരമായി വിഭജനം വേണ്ടി വരുന്നവ മാത്രം പരിഗണിച്ച്  ഇപ്പോൾ നടപടികൾ ആയിരിക്കുന്നത്.
പുതിയ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും വേണ്ടെന്നും പഞ്ചായത്തുകളിൽ അടിയന്തിര പ്രാധാന്യം ഉള്ളവ വിഭജിച്ചാൽ മതിയെന്നുമാണ്  സർക്കാർ നിലപാട്. പുതിയ പഞ്ചായത്ത്‌ ആകാൻ കോട്ടയം ജില്ലയിൽ പ്രധാനമായും പരിഗണിക്കപ്പെട്ടിരിക്കുന്നത് എരുമേലിയെയാണ്. 23 വാർഡുകളുള്ള എരുമേലി ജില്ലയിലെ ഏറ്റവും വിസ്തൃതി ഏറിയ പഞ്ചായത്ത്‌ കൂടിയാണ്.
ശബരിമല തീർത്ഥാടകർ കോടിക്കണക്കിന് എത്തുന്ന പ്രദേശം കൂടിയാണ്. വികസന പ്രവർത്തനങ്ങൾ നടത്താൻ സംവിധാനം കാര്യക്ഷമമല്ല. പ്രധാനമായും നിർവഹണ ഉദ്യോഗസ്ഥരുടെ കുറവ് തടസം സൃഷ്‌ടിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ വികസന പദ്ധതികളിൽ 115 എണ്ണമാണ് എരുമേലി പഞ്ചായത്ത്‌ ഉപേക്ഷിച്ചത്. മുക്കൂട്ടുതറ, കണമല ടൗണുകളിൽ കാര്യമായ വികസനം എത്തുന്നില്ല. പുതിയ പഞ്ചായത്ത്‌ ആകുന്നതോടെ കൂടുതൽ ഫണ്ട് ഈ പ്രദേശങ്ങൾക്ക് വിനിയോഗിക്കാനാകും. ഒപ്പം പഞ്ചായത്ത്‌ ഓഫീസ് ഉൾപ്പെടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഉടനെ നടപ്പിലാക്കാനുമാകും.