1. എരുമേലിയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ടു; ആർക്കും പരിക്കുകളില എല്ലാവരും സുരക്ഷിതർ.ഇന്ന് രാവിലെ കൊടിത്തോട്ടം പാറമടയ്ക്ക് അടുത്ത് റോഡിലാണ് സംഭവം. വീതികുറഞ്ഞ റോഡിന്റെ സൈഡ് ഇടിഞ്ഞാണ് ബസ് ചെരിഞ്ഞ് അപകടത്തിലായത്. ഉടനെ തന്നെ കുട്ടികളെ പുറത്തിറക്കി മറ്റൊരു വാഹനത്തിൽ സ്‌കൂളിലെത്തിച്ചു. എരുമേലി വാവർ സ്മാരക സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപെട്ടത്. ഈ ഭാഗത്ത് റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വീതി കുറഞ്ഞ് ഇടുങ്ങിയ നിലയിലാണ്. കഷ്‌ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാവുന്ന വീതിയുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തികൾ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. ഒട്ടേറെ സ്കൂൾ ബസുകളും യാത്രാ വാഹനങ്ങളും സഞ്ചരിക്കുന്ന ഈ റോഡ് വീതി വർധിപ്പിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ സംഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലെയും ആവശ്യമായ സ്ഥലം എടുത്ത് വീതി വർധിപ്പിക്കാൻ നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ അംഗം പ്രകാശ് പുളിക്കൻ സ്ഥലം സന്ദർശിച്ചു.