ശബരിമല:ആറാട്ട് ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞോടി. പന്ത്രണ്ടു പേർക്കു പരുക്ക്. തിടമ്പുമായി ആനപ്പുറത്തു നിന്നു വീണ ശാന്തിക്കാരൻ ഗുരുതരാവസ്ഥയിൽ. പന്മന ശരവണൻ എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവം തുടങ്ങുന്നതിനു തലേന്നും ഇതേ ആന ഇടഞ്ഞിരുന്നു.

ആനപ്പുറത്തു നിന്നു തിടമ്പുമായി വീണ ശാന്തിക്കാരൻ തൃശൂർ സ്വദേശി വിനീത് (29), പാപ്പാൻ കൃഷ്ണകുമാർ (45) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിനീതിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. നാല് വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. ആനപ്പാപ്പാൻ കൃഷ്ണകുമാറിന്റെ കാൽ ഒടിഞ്ഞു.

തീർഥാടകരായ നാഗർകോവിൽ സ്വദേശി ചന്ദ്രശേഖരൻ (55), മുതുകുളം കൃഷ്ണകുമാർ (55), ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി രഘുറാം (63), പാലക്കാട് പൊൽ‌പള്ളി കൗളി മുട്ടം പൊൽപള്ളി പി.രാധാകൃഷ്ണൻ (60), കൊച്ചി കണ്ണമാലി സുരേഷ് (40), തിരുവന ന്തപുരം വിളപ്പിൽശാല മുങ്ങോട് അർജുനവിലാസത്തിൽ സി.അർജുനൻ (75), കെഎപി നാലാം ബറ്റാലിയനിലെ പൊലീസുകാരായ ടി.അരുൺ (25), ടി.പ്രദീപ് കുമാർ (44) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ പത്തിനാണ് സംഭവം. ആറാട്ടു ഘോഷയാത്ര ശബരിപീഠത്തിനും അപ്പാച്ചിമേടി നും മധ്യേ വനം വകുപ്പിന്റെ കെട്ടിടത്തിനു സമീപം എത്തിയപ്പോൾ ആന പെട്ടെന്ന് മുന്നോട്ട് ഓടി. ഇതുകണ്ട് ഭക്തജനങ്ങളും വിരണ്ടോടി. കുത്തിറക്കം ആന ഓ‌ടിയിറങ്ങാ ൻ തുടങ്ങിയതോടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ വിനീത് ഒരു കയ്യിൽ തിടമ്പുമായി വടത്തിൽ തൂങ്ങി കിടന്നു. 
60 മീറ്ററിലേറെ ഓടിയപ്പോഴേക്കും താഴെ വീണു. ആനയുടെ കാലുകൾക്ക് ഇടയിലേക്കാ ണ് വീണത്. ശബ്ദം കേട്ട് ആന ഒന്നു നോക്കിയെങ്കിലും ഉപദ്രവിച്ചില്ല.പിന്നെ കാട്ടിലേക്ക് ആന ഓടിക്കയറി. ജല അതോറിറ്റിയുടെ അപ്പാച്ചിമേട് പമ്പ്ഹൗസിനു സമീപം അയ്യപ്പ ന്മാർ മാറി നിന്ന ഭാഗത്തേക്കാണ് ആനയും ഓടിക്കയറിയത്.

ഇതോടെ ഭക്തർ ഭയന്നോടി. വീണും ഓട്ടത്തിനിടെ മരത്തിൽ തലയിടിച്ചുമാണ് ഇവർക്കു പരുക്കേറ്റത്. വലിയ കൊക്കയിലേക്ക് നിരങ്ങി ഇറങ്ങിയ ആനയെ അവിടെ മരത്തിൽ തളച്ചു. തളയ്ക്കാൻ വാലിൽ തൂങ്ങിക്കിടന്ന പാപ്പാൻ കൃഷ്ണകുമാറിന്റെ കാൽ കല്ലിലും മരത്തിലും ഇടിച്ചാണ് ഒടിഞ്ഞത്.