അയ്യപ്പഭക്തരെ പിന്തുടർന്ന് ഭക്തിയുടെ കാഴ്ചയായി തെരുവ് നായ. ഇങ്ങനെ ഒരു വാർത്ത ഒട്ടുമിക്ക ശബരിമല തീർത്ഥാടന കാലങ്ങളിലും കാണുകയും കേൾക്കാറുമുണ്ട്. ദാ ഇത്തവണയും തീർത്ഥാടനത്തിന്റെ തുടക്കത്തിൽ തന്നെ അങ്ങനെ ഒരു ശുഭകാഴ്ച യായ വാർത്തയുണ്ട്. അയ്യപ്പ ശരണം വിളിയോടെ നടന്ന തീര്‍ത്ഥാടകരുടെ കൂടെക്കൂടിയ തെരുവുനായ ഇതുവരെ നടന്നത് 480 കി.മീ ദൂരം
വ്രതം നോറ്റ് അയ്യപ്പദര്‍ശനത്തിനായി പുറപ്പെട്ട ആന്ധ്ര സ്വദേശികള്‍ക്കൊപ്പമാണ് ഒരു നായ കൂടെകൂടിയത്. . എല്ലാം സ്വാമിയായി കാണുന്ന ശബരിമല തീര്‍ത്ഥാടനത്തില്‍ ഈ ‘സ്വാമിയും’ കൂടിയിട്ട് 20 ദിവസമായെന്ന് അയ്യപ്പന്‍മാര്‍ പറയുന്നു. ഇതുവരെ 480 കി.മീറ്റര്‍ ദൂരം ഇവര്‍ക്കൊപ്പം തെരുവുനായയും ചിട്ടവട്ടങ്ങളൊക്കെ പാലിച്ച് സമ്പൂര്‍ണ്ണ സസ്യാഹാരിയായി കൂടെനടക്കുകയാണ്.
എല്ലാവര്‍ഷവും ശബരിമലയ്ക്ക് കാല്‍നടയായി എത്തുന്ന 13 അംഗ സംഘത്തിനാണ് ആദ്യമായി ഒരു നായ കൂടെക്കൂടുന്ന അനുഭവം ഉണ്ടായത്. ആന്ധ്രയിലെ പ്രസിദ്ധമായ തിരുമലയില്‍ നിന്നുള്ള സംഘത്തിനാണ് അയ്യപ്പന്റെ സാന്നിധ്യമെന്നപോലെ ഒരു മിണ്ടാപ്രാണിയുടെ നിഷ്ഠയും പ്രേരണയാകുന്നത്. കഴിഞ്ഞ ഒക്ടോബര്‍മാസം 31നാണ് സംഘം യാത്രതിരിച്ചത്. നിലവില്‍ ഈ സംഘം കര്‍ണ്ണാടകത്തിലെ ചിക്മംഗലൂരുവിലെ കൊട്ടിഗേഹാരയിലാണുള്ളത്. ഇവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം ശബരിമല തീര്‍ത്ഥാടന പുണ്യമായി ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്.
നാട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ ഈ നായ കൂടെയുണ്ടായിരുന്നില്ലെന്നാണ് അയ്യപ്പന്മാര്‍ പറയുന്നത്. എപ്പോഴാണ് കൂടെച്ചേര്‍ന്നതെന്നും ഓര്‍ക്കുന്നില്ല. ആദ്യമാദ്യം കൂറേ ദൂരെയായി പിന്തുടര്‍ന്നിരുന്ന നായ പിന്നീട് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നടക്കാന്‍ തുടങ്ങി. നിരന്തരം യാത്രതുടര്‍ന്നതോടെ ഭക്ഷണവും വെള്ളവും നല്‍കി ഞങ്ങള്‍ ഈ ‘അയ്യപ്പനെ’ സേവിക്കുകയാണെന്നും തീര്‍ത്ഥാടക സംഘത്തിലെ അയ്യപ്പന്മാര്‍ പറഞ്ഞു. ചുട്ടുപൊള്ളുന്ന ചൂടില്‍ ടാറില്‍ നിന്നും മാറി മണ്ണിട്ട റോഡിലൂടെയാണ് നായ തീര്‍ത്ഥാടക സംഘത്തിനൊപ്പം സഞ്ചരിക്കുന്നത്