കാഞ്ഞിരപ്പള്ളി: ശക്തമായ മഴയിലും വെള്ളമൊഴുക്കിലും പുരയിടത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. പാറക്കടവ് തൈപ്പറമ്പില്‍ റ്റി.എം ഹലീലിന്റെ വീടിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തിയാണ് തിങ്കളാഴ്ച പെയ്ത മഴയില്‍ തകര്‍ന്നത്. സംരക്ഷണ ഭിത്തിയോ ട് ചേര്‍ന്നുള്ള കിണറിന്റെ തറയും വിണ്ട് കീറിയ നിലയിലാണ്. 
സമീപത്ത് സ്ഥാപിച്ചിരിക്കുന്ന 30,000 ലിറ്ററിന്റെ ജലസംഭരണിയും ഏത് നിമിഷവും നിലംപൊത്താറായ സ്ഥിതിയിലാണ്. ഹലീലിന്റെ വീടിനോട് ചേര്‍ന്നുള്ള വീടുകളുടെ സംരക്ഷണ ഭിത്തിയും ഇടിയാറായ സ്ഥിതിയിലാണ്. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും ശക്തമായി വെള്ളം പതിച്ചതാണ് ഇവ തകരാന്‍ കാരണമെന്ന് വീട്ടുകാര്‍ പറയുന്നു.

മഴ തുടരുന്നതിനാല്‍ ജല സംഭരണിയും കിണറും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാര്‍.