കാഞ്ഞിരപ്പള്ളി : തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളി മേഖലയില്‍ വ്യാപക കൃഷിനാശം. കാഞ്ഞിരപ്പള്ളി, എരുമേലി ,ചിറക്കടവ് ഭാഗങ്ങളിലാണ് വ്യാപക നാശമുണ്ടായത്. റബ്ബര്‍, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ കടപുഴകി.ഒട്ടുമിക്ക സ്ഥലങ്ങളിലും മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു.

വിഴുക്കിത്തോട്, ചേനപ്പാടി, കുറുവാമുഴി, കരിമ്പു കയം,ഞളളമറ്റം ,ചിറക്കടവ്, മണ്ണാ റക്കയം,മുതലായ സ്ഥലങ്ങളില്‍ കാറ്റു നാശം വിതച്ചതോടെ ഗതാഗതവും ഭാഗികമായി മുടങ്ങിയ നിലയിലാണ്.നൂറുകണക്കിന് മരങ്ങള്‍ ഒടിഞ്ഞുവീണു. അഞ്ചോളം വീടുകളുടെ മുകളിലേക്കും മരങ്ങള്‍ വീണു നാശനഷ്ടമുണ്ടായി. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പലയിടത്തും പൊട്ടിയ നിലയിലാണ്. തകരാറിലായ വൈദ്യുതി പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. 
മേഖലയിലെ പ്രധാന റോഡുകളിലെല്ലാം മരങ്ങള്‍ വീണ് ഗതാഗതം ഭാഗികമായി തടസ പ്പെട്ടു. ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളിക്കും സ്‌കൂളിനും കാറ്റില്‍ നാശനഷ്ടം സംഭവി ച്ചിട്ടുണ്ട്. ഫക്ഷഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പലയിടത്തും ഗതാഗതം പുനസ്ഥാപി ച്ചത്.

ചേനപ്പാടിയില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ആലുമ്മൂട് ഭാഗത്താണ് നാശനഷ്ടങ്ങളേറെയും. ആലുംമൂട് വാരിക്കാട്ടു മോഹനന്റെ വീടിനു മുകളിലേക്ക് രണ്ട് റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണ് അപകടമുണ്ടായി. വീട് പൂര്‍ണ മായും തകര്‍ന്നു. വീട്ടിനുള്ളിലായിരുന്ന മോഹനനും ഭാര്യയും രണ്ടു മക്കളും ഭാഗ്യം കൊണ്ട് പരിക്കുകളില്ലാതെ രക്ഷപെട്ടു.
മുക്കൂട്ടുതറ, എരുമേലി, തുമരംപാറ, കണമല പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭ വപ്പെട്ടത്. വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.