പ്രളയക്കെടുതിയിൽ വലഞ്ഞ് കോട്ടയം ജില്ലയുടെ മലയോര മേഖലയും,എരുമേലി എയ്ഞ്ചൽവാലിയിൽ കുടുങ്ങിയ ഗർഭിണിയായ യുവതിയെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയും ദുരിതത്തിൽ.പമ്പാനദി കരകവി ഞ്ഞൊഴുകിയതിനെ തുടർന്ന് എയ്ഞ്ചൽവാലിയിൽ മൂവായിരത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായി.

ഇവിടെ നിന്നും പൂർണ ഗർഭിണിയായ യുവതിയെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. എയ്ഞ്ചൽവാലി ആറാട്ടുകയം മുട്ടു മണ്ണിൽ രജനിയെയാണ് എയ്ഞ്ചൽവാലിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കൂവ പ്പള്ളി അമൽ ജ്യാതി കോളേജ് ഗ്രൗണ്ടിൽ എത്തിച്ചതിന് ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ ഹെലികോപ്റ്ററിൽ തന്നെ ഭക്ഷ്യധാന്യങ്ങളും എയ്ഞ്ചൽവാലിയിലെത്തിച്ചു.എരുമേലി എടകടത്തിയിലും നാനൂറോളം കുടുംബങ്ങ ൾ ഒറ്റപ്പെട്ട നിലയിലാണ്.കൂട്ടിക്കൽ ഇളംകാട്,ചോറ്റി വേങ്ങത്താനം,എന്നിവിടങ്ങളി ൽ ഉരുൾപൊട്ടലുണ്ടായി ആളപായമില്ലെങ്കിലും പ്രദേശത്തെ റോഡുകളും കൃഷിയും നശിച്ചു.

ശബരിമലപാതയായ കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് .ഇവിടെ റോഡിന്റെ സംരക്ഷണഭിത്തിയോട് ചേർന്ന് മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്നത് വലിയ അപകട ഭീക്ഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി പാറക്കടവിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. ഈറ്റുവേലിൽ ഹാഷിമിന്റെ വീടാണ് തകർന്നത്.

കോരുത്തോട്ടിൽ മലവെള്ളപാച്ചിലിൽ പാലം തന്നെ ഒലിച്ചുപോയി. അഴുതയാറിന് കുറുകെ ഇരു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോപ്പിൽ കടവ് പാലമാണ് ഒലിച്ചു പോയത്.കാഞ്ഞിരപ്പള്ളി താലൂക്കിൽ ഭുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഒൻപതോളം ക്യാമ്പുകളും തുറന്നിട്ടുണ്ട്.