കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പഴയ പനക്കച്ചിറ മേഖല യില്‍ വ്യാപക നാശനഷ്ടം. പന കടപുഴകി വീണ് ചെട്ടിശ്ശേരിയില്‍ സതീഷ് ചന്ദ്രന്റെ വീട് ഭാഗികമായി തകര്‍ന്നു. സമീപത്തെ റോഡിന്റെ മറുവശത്തു വളരെ ദൂരത്തില്‍ നിന്ന കൂറ്റന്‍ പന മരം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്ന ജലജ, മാതാവ് ശങ്കരി എന്നിവര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ വരാന്തയിലേക്ക് ഓടി മാറുകയായിരുന്നു. ഇവരുടെ പുരയിടത്തിലെ പ്ലാവ്, റബര്‍ തുടങ്ങിയ മരങ്ങളും കടപുഴകി വീണു. പഴയ പനക്കച്ചിറ പ്രദേശത്ത് മറ്റ് ഏഴ് ആളുകളുടെ പുരയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു.

അപ്രതീക്ഷിതമായി വീശിയ ചുഴലിക്കാറ്റില്‍ കാരിത്തോട് മേഖലയില്‍ വന്‍നാശം. അര കിലോമീറ്റര്‍ ചുറ്റളവില്‍ വീശിയടിച്ച കാറ്റ് 3 മിനിറ്റിലേറെ നീണ്ടു നിന്നു. സുരക്ഷിത വീടുകളുള്ള മേഖലയായതിനാല്‍ ആളപായം ഒഴിവായി. വ്യാഴം വൈകിട്ടാണു മഴയ്‌ക്കൊപ്പം കാറ്റെത്തിയത്. കാറ്റു വീശുന്നതു കണ്ടതോടെ കതകടച്ചു ജനം വീടിനുള്ളില്‍ കയറി.അത്തിമൂട്ടില്‍ സജിയുടെ കോഴി ഫാം പൂര്‍ണമായി തകര്‍ന്നു 162 കോഴികള്‍ മരങ്ങള്‍ വീണു ചത്തു.

കാര്‍ ഷെഡും തകര്‍ന്നു. വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകി വീണു. പാലമറ്റം സുഭാഷിന്റെ 15 റബര്‍ മരങ്ങള്‍, ആഞ്ഞിലി ,തെങ്ങ് എന്നിവ നിലംപൊത്തി. പാലമറ്റം ചെറിയാന്റെ 9 റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. കല്ലംമാക്കല്‍ ഷാജിയുടെ പുരയിടത്തിലെ ആഞ്ഞിലി വൈദ്യുതി പോസ്റ്റിനു മുകളിലേക്കു വീണു. മേഖലയില്‍ വൈദ്യുതി ബന്ധം മുടങ്ങി. മലയില്‍ തങ്കച്ചന്റെ 6 റബര്‍, ആഞ്ഞിലി, റിച്ച് മൗണ്ട് ജോര്‍ജിയുടെ 20 റബര്‍, തങ്കഗിരി കുര്യന്റെ റബര്‍, ആഞ്ഞിലി, എന്നിവയും കാറ്റില്‍ നശിച്ചു.