കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ സൈബര്‍ ക്രൈം ബോധവല്‍ ക്കരണ പദ്ധതിയായ പ്രോജക്ട് നെക്സ്റ്റ് ഗാര്‍ഡിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് നിര്‍വഹിച്ചു. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കോളജ് മാനേജര്‍ ഫാ. ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു.

കെഎസ്സിഎസ്ടിഇ സയന്‍സ് പോപ്പുലറൈസേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. എസ്.ശിവദാസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതിയംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, പ്രിന്‍സിപ്പല്‍ ഡോ. സെഡ് വി.ലാക്കപ്പറമ്പില്‍, പ്രഫ. മനോജ് ടി.ജോയ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നെക്സ്റ്റ് ഗാര്‍ഡിന്റെ വെബ്‌സൈറ്റ് ‘www.nextguard.in’ ന്റെയും, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷ സംബന്ധിച്ച മലയാളം ലഘുലേഖയുടെയും പ്രകാശനം നടത്തി.

ചടങ്ങില്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ടി.എസ്.അരുണിനും മികച്ച ജനമൈത്രി പൊലീസ് സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല, തിടനാട്, മേലുകാവ് എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ പൊലീസ് മേധാവി കൈമാറി. മികച്ച സ്‌കൂളുകള്‍, കോളജുകള്‍, റസിഡന്‍സ് അസോസിയേഷനു കള്‍, മികച്ച വൊളന്റിയര്‍മാര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.