പൊൻകുന്നം:വീട്ടമ്മയായ യുവതിക്ക് നിരന്തരമായി അശ്ലീല സന്ദേശവും ഫോട്ടോ കളും അയച്ചുകൊണ്ടിരുന്നയാൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി നെന്മേനി ചുള്ളി യോട് ആലപ്പാറ ഇളംമ്പാശേരി വിട്ടിൽ റോയി ഏബ്രഹാം(45)നെയാണ് പൊൻകുന്നം പൊലീസ് വയനാട്ടിൽ നിന്നും അറസ്റ്റു ചെയ്തത്. സമാന കുറ്റകൃത്യത്തിന് ഇയാൾ കണ്ണൂർ ജില്ലയിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ്.
സംഭവം ഇങ്ങനെ. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് പൊൻകുന്നം സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലെ വാട്ടസ്ആപ് വഴി സന്ദേശങ്ങൾ വരുവാൻ തുടങ്ങിയത്. ‘ഗുഡ്‌നൈറ്റിൽ’ ആരംഭിച്ച സന്ദേശങ്ങളുടെ വ്യാപ്തി ഏറുകയും അശ്ലീല ചിത്രങ്ങൾ സന്ദേശങ്ങളിൽ ഉൾപ്പെടുകയും ചെയ്തതോടെ വീട്ടുകാർ ഇയാളെ ഫോണിൽ വിളിച്ചു വിലക്കിയിരുന്നു.
എന്നാൽ, തുടർന്നും സന്ദേശങ്ങളും ഫോട്ടോയും എത്തിയതോടെ ഇവർ പൊൻകുന്നം പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശാനുസരണം സന്ദേശങ്ങൾ വരുന്ന ഫോൺ നമ്പർ ബ്ലോക്ക് ചെയ്‌തെങ്കിലും ഇയാൾ മറ്റൊരു ഫോൺ നമ്പർ വഴി വീണ്ടും സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ റോയി ഏബ്രഹാമിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.