കാഞ്ഞിരപ്പള്ളി:കഴിഞ്ഞ ദിവസങ്ങളിലെ സിപിഎം-ബിജെപി സംഘര്‍ഷങ്ങളുടെ ഭാഗമായി ഇന്നലെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അക്രമം. ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും കയ്യേറ്റം ചെയ്തു.

അക്രമികളെ തടയാനെത്തിയ സിഐ ഷാജു ജോസിന്റെ മുഖത്ത് കല്ലുകൊണ്ടിടിച്ച് മുറി വേല്‍പ്പിച്ചു. ബിജെപി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു. തിങ്കള്‍ രാത്രി സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് തീയിട്ടു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് അക്രമം. പ്രകടന ത്തിനു ശേഷം കാഞ്ഞിരപ്പള്ളി ടൗണില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് സിപിഎം ഹര്‍ത്താലും പ്രഖ്യാപിച്ചു. 
ചൊവ്വാഴ്ച രാത്രിയാണ് സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നില്‍ തീയിട്ടനിലയി ല്‍ കണ്ടെത്തിയത്. ഓഫിസിനു മുന്നിലെ റബര്‍മാറ്റ് കത്തിനശിച്ചു. ജനാലച്ചില്ലുകള്‍ എറിഞ്ഞുടച്ച നിലയിലുമായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് തീയണച്ചത്.

ഇതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനം തമ്പലക്കാട് റോഡിലെത്തിയപ്പോള്‍ പുത്തനങ്ങാടി ജംക്ഷനില്‍ ബിജെപിയുടെ കൊടിമരം തകര്‍ക്കുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ഇത് തടയാ നെത്തിയപ്പോഴാണ് സിഐ ഷാജു ജോസിനെ ആക്രമിച്ചത്. 
വെള്ളിയാഴ്ച തുടങ്ങിയ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം കാഞ്ഞിരപ്പള്ളി, തമ്പല ക്കാട് മേഖലകളില്‍ തുടരുകയാണ്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ നിസ്സാര പ്രശ്‌നങ്ങള്‍ പര്‍വതീകരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ സംയമനം പാലിക്കണമെന്ന് ഇരു പാര്‍ട്ടികളു ടെയും നേതാക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു. കാഞ്ഞിരപ്പള്ളി ലോക്കല്‍ സെക്രട്ടറി ഷെമീം അഹമ്മദ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തു.
വാഴൂര്‍ എസ്ആര്‍വി കോളജിലുണ്ടായ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തമ്പലക്കാട് അംബിയില്‍ രതീഷിനു മര്‍ദനമേറ്റതോടെയാണ് ആക്രമണത്തിനു തുടക്കം. അന്നു രാത്രി എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ തമ്പലക്കാട് കണിക്കുന്നേല്‍ അലന്‍ കെ.ജോര്‍ജിന്റെ വീടുകയറി ആക്രമിച്ചു.

സിപിഎം തമ്പലക്കാട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.നാരായണന്‍ നമ്പൂതിരിയുടെ വീടിനു നേരെയും വിവേകാനന്ദ സേവാ സമിതിയുടെ ഓഫിസിനു നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 
ഇന്നലെ ഉച്ചകഴിഞ്ഞ് സിപിഎം കാഞ്ഞിരപ്പള്ളിയില്‍ പെട്ടെന്നു പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ദുരിതത്തിലാക്കി. രണ്ടു മുതല്‍ അഞ്ചുവരെയായിരുന്നു ഹര്‍ത്താല്‍. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് തടസ്സമുണ്ടായില്ലെങ്കിലും ഗ്രാമീണ മേഖലയിലേക്കു ള്ള യാത്രക്കാര്‍ വലഞ്ഞു. നാലു മണിക്കൂറോളം ടൗണില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെവന്നു.