കാഞ്ഞിരപ്പള്ളി:സ്വകാര്യ വ്യക്തി അടച്ച കെട്ടിട നികുതി സര്‍ക്കാരില്‍ അടയ്ക്കാതെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തതായി കണ്ടെത്തി. പണം തട്ടിയ സംഭവത്തില്‍ നിലവില്‍ താലൂക്ക് ഓഫിസിലെ ക്‌ളാര്‍ക്കായ ഫൈസല്‍ ബഷീറിനെതിരെ വില്ലേജ് ഓഫി സറും, തഹസില്‍ദാരും നടപടിക്ക് ശുപാര്‍ശ ചെയ്തു.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫൈസല്‍ ബഷീര്‍ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റായിരിക്കെ യാണ് തട്ടിപ്പ് നടത്തിയത്.

എറികാട് സ്വദേശി അഞ്ചേരില്‍ റോബിന്‍ തോമസിന്റെ വീടിന്റെ നികുതിയാണ് ഇയാള്‍ തട്ടിയെടുത്തത്. 5100 രൂപ വീതം നാലു തവണയായി റോബിന്‍ വില്ലേജില്‍ അടയ്‌ക്കേണ്ട നികുതിപണത്തിലെ മൂന്നാമത്തെ ഗഡുവാണ് ഇയാള്‍ രസീതില്‍ തിരിമറി കാട്ടി തട്ടിയെടുത്തത്. റോബിന്റെ വീട്ടിലെത്തി 5100 രൂപ കൈപ്പറ്റിയ ഫൈസല്‍ കാര്‍ബണ്‍ പേപ്പര്‍ വയ്ക്കാതെ രസീത് എഴുതി നല്‍കുകയായിരുന്നുവത്രേ. രസീതിന്റെ പകര്‍പ്പില്‍ ഉബൈദ് എന്നയാളുടെ പേരില്‍ പോക്കുവരവിന് ഈടാക്കിയ 38 രൂപയും എഴുതി. തുടര്‍ന്ന് വില്ലേജിലെ രജിസ്റ്ററില്‍ ഇയാള്‍ റോബിന്റെ നികുതി തുകയായ 5100 രൂപയും അതേ രസീത് നമ്പരില്‍ എഴുതിവച്ചു. എന്നാല്‍ താലൂക്ക് ഓഫിസിലെ രജിസറ്ററില്‍ റോബിന്‍ മൂന്നാമത്തെ ഗഡു അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന നടത്തിയത്.

വില്ലേജിലെ രജിസ്റ്ററില്‍ തുക അടച്ചതായി രേഖപ്പെടുത്തയിരിക്കുന്നതു കണ്ടതോടെ സംശയം തോന്നിയ വില്ലേജ് ഓഫിസര്‍ എന്‍.ജയപ്രകാശ് റോബിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ വീട്ടുകാര്‍ പണം അടച്ചതിന്റെ രസീത് എടുത്തു നല്‍കി. ഇത് കസ്റ്റഡിയില്‍ വാങ്ങി വില്ലേജ് ഓഫിസിലെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. റോബിന് നല്‍കിയ രസീതിന്റെ നമ്പര്‍ ഉപയോഗിച്ച് അതിന്റെ പകര്‍പ്പെടുത്തപ്പോള്‍ അതില്‍ 38 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ വില്ലേജ് ഓഫിസര്‍ ഫൈസലിനെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു തഹസില്‍ ദാര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തിലും ഫൈസല്‍ പണം തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിക്കു ശുപാര്‍ശ ചെയ്തു കൊണ്ട് ഇന്ന് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും തഹസില്‍ദാര്‍ ജോസ് ജോര്‍ജും അറിയിച്ചു. കുറച്ചു നാള്‍ മുമ്പ് ഇയാള്‍ വില്ലേജ് ഓഫിസില്‍ എത്തിയ സ്ത്രീയോട് കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് ഇയാളെ വില്ലേജ് ഓഫിസില്‍ നിന്നും താലൂക്ക് ഓഫിസിലെ ക്‌ളറിക്കല്‍ തസ്തികയിലേക്ക് മാറ്റിയത്.