ചിറക്കടവ്:പരമസമാധിയിൽ ലയിച്ച ചിറക്കടവ് മഹാദേവൻ അമൃതവർഷണം നടത്തി ചിറയിലെ കുളത്തിൽ ആറാടി.ആറാട്ടോടെ അമൃതപൂർണമായ ജലാശയത്തിൽ ദേവനോടൊപ്പം ഭക്തജനങ്ങളും കുളത്തിലിറങ്ങി മുങ്ങിനിവർന്നതോടെ ചിറക്കടവ് മഹാദേവന്റെ ആറാട്ട്‌ പൂർണമായി.ഈ സമയം ജലാശയത്തിൽ ആകാശ ഗംഗയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വസം.

കാഴ്ച വിരുന്നൊരുക്കി ആറാട്ടു വിളക്ക് 

ആറാട്ടു കടവിലെ വിലിയ വിളക്കിൽ നിന്നും കുളക്കരയിലെ കൽവിളക്കുകളിലും നിരനിരയായി വച്ച ചെരാതുകളിലും ദീപങ്ങൾ തെളിയിച്ചതോടെ ആറാട്ടു കടവ് ദീപാലംകൃതമായി.ഹൈക്കോടതി ജഡ്ജ് പി.എൻ.രവീന്ദ്രൻ വലിയവിളക്ക് തെളിച്ചു ആറാട്ടു വിളക്കിന് തുടക്കം കുറിച്ചു.ഭക്തിക്കൊപ്പം കാഴ്ച വിരുന്നൊരുക്കിയ ആറാട്ടു വിളക്കിൽ ആയിരങ്ങൾ പങ്കെടുത്തു.
ആറാട്ടു കടവിലേക്ക്
മൂലബിംബത്തിൽ നിന്ന് ചൈതന്യാംശത്തെ ആവാഹിച്ച്‌ ഉത്സവ ബിംബത്തിലാക്കി പാണികൊട്ടി വാഹനമന്ത്രവും ഉത്തിഷ്ഠമന്ത്രവും ചൊല്ലി പരികർമികളുടെ കൈയിൽ തന്ത്രി ഉത്സവബിംബത്തെ നൽകി.ശ്രീഭൂതബലി മന്ത്രങ്ങൾ ചൊല്ലി ഉത്സവബിംബത്തെ വാദ്യഘോഷങ്ങളുടെയും ഭക്തന്മാരുടെ അകമ്പടിയോടെ ആറാട്ട് കുളത്തിലിലേക്ക് ആനയിച്ചു.

ആറാട്ട്
കുളത്തിൽ പ്രത്യേകം സജ്ജമാക്കിയ ആറാട്ട്‌ കടവിൽ ഉത്സവബിംബത്തെ ഒരു പീഠത്തിൽ വച്ചു തന്ത്രി പീഠത്തെ പൂജിച്ച്‌ ആവാഹിച്ച്‌ പഞ്ചവാരുന്ന ജപം നടത്തി ബിംബത്തെ എടുത്ത്‌ ആചാര്യൻ നാഭിയോളം വെള്ളത്തിലിറങ്ങി നിന്ന്‌ ബിംബവുമായി മൂന്നുതവണ മുങ്ങി ഉയർന്നു.ഇന്നു പുലർച്ചെ 1.30നോടെ ആറാട്ടു വരവും രണ്ടു മുതൽ അഞ്ചുവരെ ആറാട്ട് എതിരേൽപ്പും നടന്നു.

ഉത്സവ സമാപനം
ആറാട്ട്‌ കടവിൽ നീരാജനം നടത്തി ബിംബത്തെ ശ്രീകോവിലിൽ എത്തിച്ച് ചൈതന്യത്തെ മൂല ബിംബത്തിലേക്ക്‌ ആവാഹിച്ചു. കലശാഭിഷേകങ്ങൾ,ശ്രീഭൂതബലി എന്നിവ നടത്തി പുലർച്ചെ അഞ്ചു മണിയോടെ കൊടിമരത്തിലെ ധ്വജത്തെ മന്ത്രപുരസരം താഴെയിറ ക്കി.ഇതോടെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനമായി.