മുണ്ടക്കയം പെരുവന്താനത്ത് ടിആര്‍& ടി എസ്റ്റേറ്റില്‍ പുലികളിറങ്ങി.ടിആര്‍& ടി എസ്റ്റേറ്റിലെ ബി ഡിവിഷനില്‍ പെട്ട ചെന്നപ്പാറ വട്ടവട ഭാഗത്താണ് പുലികളെ കണ്ടത്.
ശബരിമല വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പെരുവന്താനം ടി.ആര്‍& ടി എസ്റ്റേറ്റിലെ വട്ടവട ഭാഗത്താണ് പുലികളെ കണ്ടത്. പുല്ലുചെത്തുവാനായെത്തിയ സോഫി എന്ന സ്ത്രീയാണ് ആദ്യം പുലികളെ കാണുന്നത്.ഇവര്‍ ഭയന്ന് നിലവിളിച്ച് ഓടിയതോടെ സമീപത്തായി എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഓടിയെത്തി. ഇവര്‍ എത്തിയപ്പോഴേക്കും പുലികള്‍ വനത്തിലേക്ക് ഓടിമറഞ്ഞു.


പുലിയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ സോഫിയ്ക്ക് വീണ് പരുക്കേല്ക്കുകയും ചെയ്തു.എസ്റ്റേറ്റിലെ ലയങ്ങളും വീടുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്തോട് ചേര്‍ന്ന് പുലികളെ കണ്ടതോടെ തൊഴിലാളികളടക്കമുള്ള പ്രദേശവാസികള്‍ ഭയപ്പാടിലാണ്. വനം വകുപ്പധികൃതരെ വിവരം അറിയിച്ചെങ്കിലും ഇവര്‍ സ്ഥലത്ത് എത്തിയില്ലന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണന്ന് ഇവിടെ ത്താമസിക്കുന്നവര്‍ പറയുന്നു.കഴിഞ്ഞയിടെ ഇവിടെ കാട്ടാനയിറങ്ങിയതും ഭീതി സൃഷ്ടിച്ചിരുന്നു. ആനക്കുളം ഡിവിഷനിലും കഴിഞ്ഞ ദിവസം പുലിയിറങ്ങിയ തായി അഭ്യൂഹം പരന്നിരുന്നു.