ക്ഷന്‍ സിനിമകളിലൂടെ ഒരുകാലത്ത് സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിയ താരമാണ് ബാബു ആന്റണി. നായകനായും സഹനടനായുമൊക്ക ബാബു ആന്റണി മോളിവുഡില്‍ തിളങ്ങിയിരുന്നു. നടന്‌റെ മിക്ക സിനിമകളും തിയ്യേറ്ററുകളില്‍ വലിയ ഓളമാണുണ്ടാക്കിയത്. അതിൽ പ്രധാനം ചന്ത എന്ന ചിത്രമാണ്. സുൽത്താൻ എന്ന കഥാപാത്രത്തിലൂടെ ബാബു ആന്റണി മലയാള സിനിമയ്ക്ക് മറ്റൊരു പൊൻതൂവൽ സമ്മാനിക്കുക ആയിരുന്നു. സുനിൽ ആയിരുന്നു സംവിധായകൻ. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം വീണ്ടും ആ സംവിധായകൻ-നടൻ കോംമ്പോ വരികയാണ്(Chantha 2).

ചന്തയുടെ രണ്ടാം ഭാ​ഗമാണ് ഒരുങ്ങുന്നത്. സുൽത്താൻ തിരിച്ചുവരുന്നതായും ‘ചന്ത’ രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്‍റണി തന്നെയാണ് അറിയിച്ചത്. ആദ്യ ഭാഗം ഒരുക്കിയ സംവിധായകന്‍ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. സുനിലുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചര്‍ച്ചകള്‍ നടത്തിയതായും ബാബു ആന്‍റണി അറിയിച്ചു.

1995ൽ പുറത്തിറങ്ങി ‘ചന്ത’ സിനിമയാണ് ബാബു ആന്‍റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ നിർണായക പങ്കുവഹിച്ചത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സംവിധായകൻ കഥ പറഞ്ഞത്. റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.

അതേസമയം, ഒമര്‍ ലുലുവിന്‍റെ പവര്‍സ്റ്റാറാണ് ബാബു ആന്‍റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും പവർസ്റ്റാർ എന്ന് ഒമർ ലുലു പറഞ്ഞു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായകനായ ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

കഥ, തിരക്കഥ, ഡെന്നിസ് ജോസഫ്, ഛായാഗ്രഹണം സിനു സിദ്ധാർഥ്, ആക്ഷൻ ദിനേശ് കാശി, എഡിറ്റിംഗ് ജോൺ കുട്ടി, സ്പോട്ട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ നായർ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജർ:ൃ മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ:ൃ സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ് അജ്മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിയ സന, റൊമാരിയോ പോൾസൺ, ഷിഫാസ്, ഷിയാസ്, ടൈറ്റിൽ ഡിസൈൻ ജിതിൻ ദേവ്, പിആർഒ പ്രതീഷ് ശേഖർ.