സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain). സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുൾക്ക് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഏതാനും ​ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിന്റെ ടീസറിന് ലഭിച്ച സ്വീകാര്യത തന്നെയാണ് അതിന് തെളിവ്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നെലെത്തുമെന്നാണ് വിവരം. ഈ അവസരത്തിൽ സിബിഐ ആറാം ഭാ​ഗം ഉണ്ടാകുമോന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

”സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തന്നെയാണ് എന്റെയും അഭിപ്രായം. എന്റെ അഭിപ്രായം നല്ലതായത് കൊണ്ടാണല്ലോ സിനിമ ഉണ്ടായത്. എല്ലാവര്‍ക്കും ധൈര്യമായിട്ട് കാണാവുന്ന സിനിമയാണ് സിബിഐ 5 ദി ബ്രെയിന്‍. ഞാന്‍ ഇതിനകത്ത് കൂടുതലായി ഒന്നും അവകാശപ്പെടുന്നില്ല. നിങ്ങളെല്ലാവരും വന്ന് കണ്ടിട്ട് തീരുമാനിക്കുക. അല്ലാതെ അഭിപ്രായം പറയാനില്ല. നിങ്ങള്‍ക്ക് നേരിട്ട് കാണാനുള്ള അവസരമുണ്ടല്ലോ,” എസ് എൻ സ്വാമി പറഞ്ഞു. ഫിൽമിബീറ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആറാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ”അത് ഇത് കഴിഞ്ഞിട്ട് തീരുമാനിക്കാം,” എന്നായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞത്.

സിബിഐ അഞ്ചിന്റെ പ്രധാന ആകർഷണം നടൻ ​ജ​ഗതിയുടെ തിരിച്ചുവരവ് തന്നെയാണ്. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും.

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.