കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തില്‍ മുന്‍ വര്‍ഷങ്ങളിലെ പദ്ധതികള്‍ പ്രകാരം അനുവദിച്ച വീടുകളില്‍ ഇനിയും പൂര്‍ത്തിയാകാത്തവയുടെ നിര്‍മ്മാണം പൂര്‍ത്തിയാ ക്കാന്‍ തുക അനുവദിച്ചതായി പ്രസിഡന്റ് അന്നമ്മ ജോസഫ് അറിയിച്ചു. വിവിധ സര്‍ ക്കാര്‍ പദ്ധതികള്‍ പ്രകാരം ബ്‌ളോക്കിലെ ഏഴു പഞ്ചായത്തുകളിലായി 180 വീടുകള്‍ 2008 മുതല്‍ പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്നു.

ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി ഐ.എ.വൈ. സേവിംഗ്സ് തുകയില്‍ നിന്നും 1,07,95,371/ വിവിധ പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു ഉത്തരവു ണ്ടായിട്ടുണ്ടെന്നും അന്നമ്മ ജോസഫ് അറിയിച്ചു. ഈ വിധം പദ്ധതി ആസൂത്രണം ചെയത് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കോട്ടയം ജില്ലയിലെ ആദ്യ ബ്ലോക്കായി കാഞ്ഞിരപ്പളളിയെ മാറ്റുമെന്ന് അന്നമ്മ ജോസഫ് അറിയിച്ചു.

പ്രധാന്‍ മന്ത്രി ആവാസ് യോജന (ജനറല്‍) പദ്ധതി പ്രകാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17-പദ്ധതിയില്‍ 60 ഗുണഭോക്താക്കളായിരുന്നു. അതില്‍ 48 പേരാണ് ഭവനം ആവശ്യപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിന്‍ ആദ്യ ഗഡു കൈപ്പറ്റിയവരില്‍ 36 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി ഉളളവര്‍ 2018 മാര്‍ച്ച് 31-നു മുമ്പായി പണികള്‍ പൂര്‍ത്തിയാക്കുമെന്നും. നിലവില്‍ ഈ പദ്ധതിയില്‍ ജില്ലയിലെ ഒന്നാം സ്ഥാനമാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെന്നും അന്നമ്മ ജോസഫ് അറിയിച്ചു.

ആവാസ് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റോസമ്മ ആഗസ്തി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ കുഞ്ഞുമോന്‍, ബ്‌ളോക്ക് പഞ്ചായത്തംഗം സോഫി ജോസഫ്, ജോയിന്റ് ബി.ഡി.ഒ. കെ. അജിത്ത്, വി.ഇ.ഒ. പത്മകുമാര്‍ , കെ.ആര്‍ ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.