കാഞ്ഞിരപ്പളളി : ആര്‍.ഇ.സി.പി. കരാറില്‍ ഇന്ത്യ ഒപ്പിടുന്നതോടുകൂടി കാര്‍ഷിക മേഖല കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും, ഫാം മാര്‍ക്കറ്റുകള്‍ ആരംഭിക്കണമെന്നും ആട്, മാട്, കോഴി, താറാവ്, മത്സ്യം, തേനീച്ച എന്നീ കൃഷികളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാവീണ്യം കൊടുക്കുവാന്‍ കാഞ്ഞിരപ്പള്ളിയില്‍ ഇതിനുള്ള ട്രെയിനിംഗ് സെന്റര്‍ അനുവദിക്കാന്‍ മുന്‍കൈ എടുക്കുമെന്നും എം.എല്‍.എ. അറിയിച്ചു.

കാര്‍ഷിക വിപണികള്‍ കര്‍ഷകരുടെ ആശാകേന്ദ്രമാണെന്നും, അവരുടെ ഉന്നമനം കര്‍ഷകരക്ഷയാണെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന 12 ഓളം കാര്‍ഷിക വിപണികളുടെ അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ സാധനങ്ങളായ കമ്പ്യൂട്ടര്‍, ത്രാസ്, കസേര, മേശ, അലമാര, ക്രേറ്റുകള്‍, ഫ്രീസര്‍, ഫ്രിഡ്ജ്, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. എന്‍. ജയരാജ് എം.എല്‍.എ.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ വി.റ്റി. അയൂബ്ഖാന്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, അന്നമ്മ ജോസഫ്, പ്രകാശ് പള്ളിക്കൂടം, പി.ജി. വസന്തകുമാരി, അജിതാ രതീഷ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.