കണമലയില്‍ പേപ്പട്ടി ആക്രമണത്തില്‍ രണ്ട് വയോധികര്‍ക്ക് പരിക്കേറ്റു. പനന്തോട്ടം ജോസഫ് (73), കാളകെട്ടി സ്വദേശി ലോട്ടറി വില്‍പ്പന തൊഴിലാളി ശിവന്‍ (58) എന്നിവര്‍ക്കാണ് പട്ടിയുടെ ആക്രമണമുണ്ടായത്. രാവിലെ പ്രാര്‍ഥനയ്ക്കായി പള്ളിയില്‍ പോയവര്‍ക്ക് നേരെയും പട്ടിയുടെ ആക്രമണമുണ്ടായെങ്കിലും എല്ലാവരും ഓടി രക്ഷപ്പെട്ടു.കണമല ജംഗ്ഷനില്‍ നിന്നു ബസിന് പോകാനായി വരുമ്പോഴാണ് ജോസഫിനെ നായ ആക്രമിച്ചത്. എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ജോസഫിന് പ്രാഥമിക ചികിത്സ നല്‍കി. ലോട്ടറി വില്‍പ്പനയ്ക്കായി വരുമ്പോഴാണ് ശിവന് നായയുടെ കടിയേറ്റത്. ചികിത്സയ്ക്കായി ശിവനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു.

കഴിഞ്ഞ ദിവസം രാത്രിയില്‍ കണമല ജംഗ്ഷനിലെ തെരുവ് നായകളെ ഇതേ നായ ആക്രമിച്ചിരുന്നു. വായില്‍ നിന്ന് നുരയും പതയും വമിപ്പിച്ചാണ് പേവിഷ ബാധ പ്രകടമായ നിലയില്‍ നായ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ടൗണില്‍ ഓട്ടോറിക്ഷകളുടെ ടയര്‍ കടിച്ചും നായ ഭീതി പരത്തി. നാട്ടുകാര്‍ സംഘടിതമായെത്തിയാണ് നായയെ തുരത്തിയത്. മേഖലയില്‍ അലഞ്ഞു തിരിയുന്ന തെരുവ് നായകള്‍ വ്യാപകമായി മാറിയ നിലയിലാണ്. അടിയന്തര പരിഹാരം പഞ്ചായത്ത് സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.