ബവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്ലേ സ്റ്റോർ ലിങ്ക് ഇന്നു രാത്രി എട്ടുമണിക്കുള്ളിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് ടെക്നോളജീസ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. സർക്കാരിൽ നിന്നുള്ള നിർദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളിൽ ആപ് ജനങ്ങൾക്ക് ലഭ്യമാക്കിയാൽ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകൾക്കു ശേഷം ഉടൻ തന്നെ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ബീറ്റാ വേർഷൻ ടെസ്റ്റിനിടെ ചോർന്നത് പ്രതിസന്ധിയായിട്ടുണ്ട്. ആപ് സർവീസ് അനുവദിച്ച സമയത്തിനുള്ളിൽ ആക്ടിവേറ്റ് ചെയ്യും. എസ്എംഎസ് ഗേറ്റ് വേ തകരാറിലായെന്ന മട്ടിലുള്ള പ്രചരണത്തിലും വസ്തുതയില്ല. വാട്സാപ്പിലൂടെ ഷെയർ ചെയ്ത് ലഭിക്കുന്ന ഫയൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതില്ല. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടത്. ആപ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ എസ്എംഎസ് ഗേറ്റ് വേയും ആക്ടീവാകും’ – കമ്പനി അധികൃതർ വിശദീകരിക്കുന്നു.

എപികെ ഫയൽ ചോർന്നത് കമ്പനിയിൽ നിന്നോ ജീവനക്കാരിൽ നിന്നോ അല്ല. കർശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസർ മാന്വൽ പുറത്തു വിട്ടതും കമ്പനിയിൽ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വൽ പുറത്തായത്. ഇതിലും ജീവനക്കാർ ആരും ഉത്തരവാദികളല്ല’ എന്നും ഇവർ പറയുന്നു.

നിലവിൽ ബീറ്റ വേർഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർക്ക് ഒടിപി ലവൽ വരെ പ്രവേശിക്കാനാകുന്നുണ്ട്. എസ്എംഎസ് ഗേറ്റ്‍വേ ഡിസേബിൾ ആയതിനാൽ അടുത്ത ലവലിലേയ്ക്ക് എത്താനാകില്ല. അതുപോലെ ബീറ്റ വേർഷനിൽ ടോക്കൺ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അസാധുവായിരിക്കുമെന്നും ഫെയർകോഡ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിൽ ആപ് വരാത്തതിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ബഹളമാണ്. നാളെ രാവിലെ ഒമ്പതുമണിക്ക് മദ്യവിൽപന തുടങ്ങുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാവിലെ ആറുമണിക്കുള്ളിൽ ആപ് തയാറായാൽ മതിയാകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെന്നാണ് കമ്പനി നിലപാട്