ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ചെറുവള്ളി റബര് എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന് റവന്യു വകുപ്പ് അണ്ടര് സെക്രട്ടറിയുടെ നിര്ദേശം.നടപടികളുടെ ഭാഗമായി എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫിസുകളില് നിന്ന് എസ്റ്റേറ്റ് അധികൃതര്ക്ക് ഡിമാന്ഡ് നോട്ടിസ് നല്കി. നിര്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി 1,039.876 ഹെക്ടര് (2,570 ഏക്കര്) ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റില് നിന്ന് ഏറ്റെടുക്കാന് ഉദ്ദേശിക്കുന്നത്.

എരുമേലി തെക്ക് വില്ലേജില്പെട്ട സ്ഥലത്തിന്റെ കുടിശികയും പലിശയും ഉള്പ്പെടെ 58 ലക്ഷത്തോളം രൂപയും മണിമല വില്ലേജില് 3,53,958 രൂപയുമാണ് റവന്യു വകുപ്പ് സ്വീകരിക്കാന് നടപടി തുടങ്ങിയത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ആകെ 4,375 ഹെക്ടറാണു ചെറുവള്ളി എസ്റ്റേറ്റ്.നിലവില് പാലാ സബ് കോടതിയില് സര്ക്കാരുമായി കേസുള്ള എസ്റ്റേറ്റിന്റെ നികുതി റവന്യു വകുപ്പ് സ്വീകരിച്ചിട്ട് 13 വര്ഷമായി.ഹാരിസണ്സ് മലയാളം പ്ലാന്റേഷന്സ് കമ്പനി, തോട്ടം ഗോസ്പല് ഫോര് ഏഷ്യയ്ക്കു കൈമാറിയ ശേഷം 2008-2009 വരെ കരം സ്വീകരിച്ചിരുന്നു. പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്ക്കാരുമായി കോടതിയില് കേസായതിനാല് റവന്യു വകുപ്പ് കരം സ്വീകരിച്ചില്ല. തുടര്ന്നാണ് തോട്ടം അധികൃതര് കോടതിയെ സമീപിച്ചത്.കൈവശ ഭൂമിയുടെ ഭൂനികുതി സ്വീകരിക്കുന്നത് കൈവശക്കാരനു ഭൂമിയിലുള്ള ഉടമസ്ഥത സ്ഥാപിക്കലല്ല എന്നും ഭൂനികുതി സ്വീകരിക്കുന്നത് സാമ്പത്തിക ഉദ്ദേശ്യത്തിനുവേണ്ടി മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്..