കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ ബാലസഭയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി സെമിനാറും ബോധവത്കരണ പരിപാടിയും നടത്തി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി ഇരുന്നോറോളം കുട്ടികള്‍ പങ്കെടുത്തു. അഞ്ച് വയസ് മുതല്‍ 15 പതിനഞ്ച് വയസുവരെയുള്ളവരാണ് സെമിനാറില്‍ പങ്കെടുത്തത്. കുട്ടികളുടെ വ്യക്തിത്വ വികസനം വളര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ ക്ലാസ് നല്‍കി. പഠനം എങ്ങനെ എളുപ്പമാക്കാം, കുട്ടികളിലെ കലാ-കായിക ശേഷി വര്‍ദ്ധിപ്പിക്കല്‍, ലഹരിവിരുദ്ധ സന്ദേശം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നല്‍കി.

സ്‌നേഹിത പ്രവര്‍ത്തകരായ സൂര്യ എസ്. നായര്‍, പൂര്‍ണ്ണിമ്മ എസ്. ഹരി എന്നിവര്‍ ക്ലാസ് നടത്തി. വിവിധ വാര്‍ഡുകളില്‍ നിന്നെത്തിയ കുട്ടികള്‍ ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി.
പഞ്ചായത്ത് വളപ്പില്‍ നടത്തിയ സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ്  ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു.  പഞ്ചായത്തംഗങ്ങളായ സജിന്‍ വട്ടപ്പള്ളി, സുരേന്ദ്രന്‍ കാലായില്‍, നെസീമ ഹാരീസ്, റെജി ഒ.വി, നുബിന്‍ അന്‍ഫല്‍, എം.എ റിബിന്‍ഷാ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സരസമ്മ, ബാലസഭ പ്രസിഡന്റ് ശ്രീക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സി.സിഡി.എസ് അംഗങ്ങളായ നുസൈഫ ഇര്‍ഷാദ്, റജീന ഫൈസല്‍, ദീപ്തി ഷാജി, നിസ സലീം, ഷബാന, ജോളി സാജന്‍, മിനി ബിനു എന്നിവര്‍ നേതൃത്വം നല്‍കി.