കോടതി ഉത്തരവിനെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട ബബിതയ്ക്കും മകള്‍ സൈബയ്ക്കും സുരക്ഷിത ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ്. ജനമൈത്രി പോലീസി ന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച പുതിയ വീടിന്റെ താക്കോല്‍ദാനം ഈ മാസം 26 ന് നടക്കും.

കോടതി ഉത്തരവിനെ തുടര്‍ന്ന് തെരുവിലേക്ക് കുടിയിറക്കപ്പെടുന്ന ബബിതയുടെയും മകള്‍ സൈബയുടെയും ദയനീയ മുഖം അരും മറന്നു കാണുവാനിടയില്ല. കുടിയിറക്ക ലിന്റെ ദയനീയ ദൃശ്യങ്ങളും മനസാക്ഷിയുള്ള ഓരോ മലയാളിയുടെയും മനസില്‍ ഇപ്പോഴും ഉണ്ടാകും.എന്നാല്‍ കുടിയിറക്കയവര്‍ തന്നെ രക്ഷകരായി മാറിയപ്പോള്‍ സുരക്ഷിത ഭവനം സ്വന്തമായി ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇeപ്പാള്‍ കാഞ്ഞിര പ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ ബബിതയും മകള്‍ സൈബയും.

എണ്ണൂറ് ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള വീടാണ് കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസ് സുമനസുകളുടെ സഹായത്തോടെ ബബിതയ്ക്കും മകള്‍ക്കുമായി നിര്‍മ്മിച്ചത് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങിയായിരുന്നു വീട് നിര്‍മ്മാണം. രണ്ടു മുറികളും ഒരു ഹാളും, അടുക്കളയും ശുചിമുറിയും ഉള്‍പ്പടെയുള്ള വീടിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം 26 ന് മന്ത്രി എം.എം മണി വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും.ആഹ്‌ളാദം വാക്കുകളില്‍ ഒതുക്കാനാവില്ലന്ന് ബബിത പറയുന്നു.

കാഞ്ഞിരപ്പള്ളി എസ്‌ഐ എ.എസ്.അന്‍സിലാണ് വീട് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്..പതിനൊന്ന് ലക്ഷത്തോളംരൂപ വീടുപണിക്കായി ചെലവഴിച്ച് കഴിഞ്ഞു. 
പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറി പോലുമില്ലാതെ , പലകകളും തുണികളും കൊണ്ടു മറച്ച ഒറ്റമുറി വീട്ടില്‍ നിന്നും കോടതി വിധിയെ തുടര്‍ന്നാണ് ബബിതയെയും മകള്‍സൈബയെയും പൊലീസിന് ഇറക്കി വിടേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസിലാണ് അന്ന് ഇവരെ കുടിയൊഴിപ്പിച്ചത്.

രോഗാവസ്ഥയില്‍ കിടന്ന ബബിതയെ കിടക്കയോടെ പൊലീസ് കുടിയിറിക്കുന്ന കാഴ്ച കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിലൂടെയാണ് ആദ്യം കേരളം അറിയുന്നത്.തുടര്‍ന്ന് മറ്റ് മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തു. കുടിയിറക്കിയ പൊലീസ് തന്നെ കുടിയിറക്കപ്പെട്ടവര്‍ക്ക് വീടൊരുക്കുന്നതിന് നേതൃത്വം നല്‍കി എന്നതും ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്.