കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററില്‍ പ്രവർത്തിക്കുന്ന ആപ്ടിനോവ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ചെടുത്ത ലാറ്റിനോ – ലാടെക്സ് ക്യാരി നാപ്സാക്ക് എന്ന പുത്തൻ കണ്ടുപിടിത്തത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിംഗ്. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ അംബേദ്കര്‍ സോഷ്യൽ ഇന്നോവേഷൻ ഇന്കുബേഷന്‍ മിഷന്‍ (ASIIM) പദ്ധതി പ്രകാരം 30 ലക്ഷം രൂപയാണ് ഉല്‍പാദനത്തിനും വിപണനത്തിനും മറ്റ് അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അനുവദിച്ചിരിക്കുന്നത്.
ബക്കറ്റില്‍ റബര്‍ പാല്‍ ശേഖരിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങള്‍ക്കും പ്രതിവിധി ആണ് ലാറ്റിനോ. റബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് ഒരു സ്കൂൾ ബാഗ് പോലെ വളരെ ലളിതമായി തോളില്‍ ഇട്ടു കൊണ്ട് നടക്കാവുന്ന വിധമാണ് ഉത്പന്നം രൂപകല്പന ചെയ്തിരിക്കുന്നത്. ഉപയോഗിക്കുന്ന ആള്‍ക്ക് എറ്റവും ആയാസരഹിതമായി ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ബാഗിന് 16 ലിറ്റര്‍ സംഭരണ ശേഷി ഉണ്ട്. അതിനാൽ ആയാസം കുറയുകയും സമയം ലാഭിക്കുകയും ശേഖരിച്ച റബര്‍ പാലിന്റെ ഗുണമേന്മ കാത്തുസൂക്ഷിക്കാനും ആകുന്നു. ആയതിനാൽ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒരേപോലെ ഉപയോഗപ്രദവും ലാഭകരവും ആയി മാറുന്നു.
ഓരോ മുക്കും മൂലയും ശാസ്ത്രീയമായി രൂപകല്പന ചെയ്തിരിക്കുന്ന ബാഗിന്റെ മുന്നില്‍ കുഴൽ വഴി ഘടിപ്പിച്ചിരിക്കുന്ന കപ്പിലേക്ക് റബര്‍ പാല്‍ ഒഴിച്ചതിന് ശേഷം അടുത്ത മരത്തിലേക്ക് പോകുമ്പോൾ വെറുതെ ഒന്ന് ഉയർത്തിയാല്‍ മതി റബര്‍ പാല്‍ ബാഗില്‍ ശേഖരിക്കാനാകും. മുന്‍പത്തെക്കാള്‍ ഇരട്ടിയോളം സംഭരണ ശേഷിയുള്ള ലാറ്റിനോ ആർക്കു വേണമെങ്കിലും പ്രത്യേക പരിശീലനം ഒന്നും കൂടാതെ സുരക്ഷിതമായി തന്നെ വളരെ ലളിതവും ആയാസരഹിതമായും ഉപയോഗിക്കാവുന്നതാണ്. നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ രാഷ്ട്രപതി ഭവനിൽ വെച്ച് സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓഫ് ഇന്നോവേഷനിൽ വെച്ച് സമൂഹിക പ്രാധാന്യം ഉള്ള കണ്ടുപിടിത്തം എന്ന വിഭാഗത്തില്‍ അവാർഡ് കരസ്ഥമാക്കിയ ലാറ്റിനോ, ടാറ്റ ട്രസ്റ്റും ടൈറ്റാൻ കമ്പനിയും ചേര്‍ന്ന് നടത്തിയ ഡിസൈൻ ഇമ്പാക്ട് അവാർഡ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രീസും (CII) ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷനും (AICTE) സംയുക്തമായി ന്യൂ ഡെല്‍ഹിയില്‍ വെച്ച് സംഘടിപ്പിച്ച ഐ ത്രീ (i3) എന്നീ മത്സരങ്ങളില്‍ അവസാന വട്ട മത്സരാര്‍ത്ഥികള്‍ ആയിരുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ 2 ലക്ഷം രൂപ സീഡ് ഫണ്ട് ഉപയോഗിച്ച് പ്രോട്ടോടൈപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞ ലാറ്റിനോയുടെ ഉല്‍പാദനത്തിന് തയ്യാറെടുക്കുകയാണ് കാഞ്ഞിരപ്പള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്ടിനോവ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അഗ്രി-ടെക് സ്റ്റാർട്ടപ്പ് സംരംഭം. ലളിതമായി അടക്ക പൊളിക്കാനായി വികസിപ്പിച്ച അരീനോ എന്ന മറ്റൊരു ഉപകരണം വിപണിയില്‍ വില്‍പന തുടങ്ങി കഴിഞ്ഞു. അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും ആയ അജിന്‍ ഓമനക്കുട്ടന്‍, അലന്‍ അനില്‍, പ്രൊഫ. എബി വര്‍ഗീസ് എന്നിവരാണ് സംരംഭത്തിന് പിന്നില്‍. കേരളത്തിലെ ആദ്യത്തെ കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബൈറാക്കിന്റെ ബയോനെസ്റ്റ് (DBT-BIRAC BioNEST) ന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററിന്റെയും (DST-NSTEDB TBI) സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഒരുപാട് നൂതന സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പല സ്റ്റാർട്ടപ്പ് സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററില്‍ വികസിപ്പിച്ച് വരുന്നു. റബര്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വ്വേകുന്ന ഒന്നാകും ലാറ്റിനോ എന്ന ഈ പുത്തൻ കണ്ടുപിടിത്തം എന്നത് തീര്‍ച്ച.