എരുമേലി വിമാനത്താവള പദ്ധതിയിലെ പോരായ്മകൾ നികത്തി ,ഉണർന്നു പ്രവർത്തി ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം; ആന്റൊ ആൻറണി എംപി… 
എരുമേലി വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ  ഓഫ് സിവിൽ ഏവിയേഷൻ തള്ളിയ സാഹചര്യത്തിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പോരായ്മകൾ നികത്തി ,ഉണർന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് ആന്റൊ ആൻറണി എംപി അഭ്യർത്ഥിച്ചു.യുഎസ് കമ്പനിയായ ലൂയി ബഗർ സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കുന്ന അവസരത്തിൽ നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കാതെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സാറ്റലൈറ്റ് സർവ്വേ നടത്തിയാണ് പഠന റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ചർച്ചയ്ക്ക് എടുത്തപ്പോൾ തന്നെ ഇതിലെ ഇത്തരം പോരായ്മകൾ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.ഈ പോരായ്മകൾ പരിഹരിക്കാതെ ആണ് റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുമ്പിൽ സമർപ്പിച്ചത്. റിപ്പോർട്ട് സമർപ്പിക്കുമ്പോൾ , എയർപോർട്ട് അതോറിറ്റി അംഗീകരിച്ച ഏജൻസികളെ കൊണ്ട് ഓ എൽ എസ് സർവ്വേയും (ഒബ്സ്ട്രക്കിൾ ലൈൻ സർവ്വേ )  അതോടൊപ്പം ഒപ്പം പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും  സമർപ്പിക്കേണ്ടിയിരുന്നു.ഇത്തരത്തിലുള്ള പോരായ്മകൾ റിപ്പോർട്ട് സമർപ്പണത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഡയറക്ടറേറ്റ് ജനറൽ  ഓഫ് സിവിൽ ഏവിയേഷൻ ഏകപക്ഷീയമായി ഇത് തള്ളിയത് .
വിമാനങ്ങൾ ഇറങ്ങുന്നതിന് ആവശ്യമായ നീളവും വീതിയും റൺവേയ്ക്ക്  എടുക്കുവാൻ ഈ സ്ഥലത്ത് സാധിക്കുകയില്ല എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇത് സത്യമല്ല കാരണം,വിശാലമായ ഈ പ്രദേശത്ത് പല ഉയരത്തിലുള്ള വിവിധ സ്ഥലങ്ങളുണ്ട്. മുക്കടയുടെ സമീപമുള്ള പ്രദേശങ്ങളിൽ 3600 മീറ്ററിന് മുകളിൽ നീളമുള്ളതും നിരപ്പായതുമായ പ്രദേശം ഉണ്ട് ,ഇതുകൂടാതെ ചേനപ്പാടിയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ 50 ഏക്കർ സ്ഥലം മാത്രം ഏറ്റെടുക്കുകയാണെങ്കിൽ പോലും 3600 മീറ്റർ എന്നുള്ള റൺവേയുടെ നീളം യാഥാർഥ്യമാകും.ഇത് വിരൽചൂണ്ടുന്നത് ,ഇതുസംബന്ധിച്ച് പഠനം നടത്തിയ ഏജൻസി ഈ പ്രദേശത്ത് നേരിട്ട് എത്താത്തതിന്റെ പോരായ്മകളാണ് .അതുകൊണ്ട് ഏജൻസി സ്ഥലത്തെത്തി പഠനം നടത്തുകയും അതോടൊപ്പം ഒബ്സ്ട്രക്കിൾ ലൈൻ സർവ്വേയും പാരിസ്ഥിതിക ആഘാത പഠനവും നടത്തി പോരായ്മകൾ പരിഹരിച്ച് ഒരു റിപ്പോർട്ട്  ഡയറക്ടറേറ്റ് ജനറൽ  ഓഫ് സിവിൽ ഏവിയേഷനു സമർപ്പിക്കണം എന്ന് ആൻറ്റോ ആൻറണി എംപി  അഭ്യർത്ഥിച്ചു.