കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭരണ നേതൃത്വത്തിൽ ഇനി രണ്ട് വനിതകൾ. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റായി സിപിഐയിലെ അഞ്ജലി ജേക്കബ്ബിനെ തെരഞ്ഞെടുത്തു.

മുന്നണി ധാരണ പ്രകാരം കേരള കോൺഗ്രസ് (എം) ലെ ജോളി മടുക്കക്കുഴി രാജിവച്ച ഒഴിവിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഐയിലെ അഞ്ജലി ജേക്കബ്ബിനെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. കൂട്ടിക്കൽ ഡിവിഷനംഗമായ അജ്ഞലിയ്ക്ക് ഒരു വർഷമാണ് കാലാവധി. നിലവി ൽ വികസനകാര്യവികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്നു. അഞ്ജലിയെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തതോടെ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭരണ നേതൃത്വത്തിൽ രണ്ട് വനിതകളായി.പ്രസിഡൻ്റ് സി പി എമ്മിലെ അജിത രതീഷാണ്. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എ ഡി സി ജനറൽ ജി അനീസ് വരണാധികാരിയായിരുന്നു. തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫിൻ്റെ മൂന്നംഗങ്ങളും വിട്ട് നിന്നു. വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പട്ട അജ്ഞലി ജേക്കബ്ബ്  പ്രസിഡൻ്റ് അജിത രതീഷ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, കൃഷ്ണകുമാർ,അഡ്വ. സാജൻ കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു.

സി പി ഐ യുടെ കാലാവധി പൂർത്തിയായാൽ വൈസ് പ്രസിഡൻ്റ് സ്ഥാനം തിരിച്ച് കേരള കോൺഗ്രസ് (എം) ന് തന്നെ ലഭിക്കും.പ്രസിഡൻ്റ് സ്ഥാനവും ഒരു വർഷം കേരള കോൺഗ്രസ് എമ്മിനുണ്ട്.