കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏഴാം വാര്‍ഡിനിത് ചരിത്ര നിമിഷം. താലൂക്കിലെ തന്നെ ആദ്യത്തെ ഉന്നത നിലവാരത്തിലുള്ള എ.സി അങ്കണവാടി തിങ്കളാഴ്ച മുതല്‍ വാര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിക്കും. അസൗകര്യങ്ങളോടെ വാടക മുറിയില്‍ നിന്ന് പഠിത്തവും കളികളുമായി കുരുന്നുകളിനി എ.സി ക്ലാസ് റൂമിലേക്ക് മാറും. നിരവധി നാളുകളായിട്ടുള്ള നാട്ടുകാരുടെ സ്വപ്‌നമാണ് വാര്‍ഡംഗം സുബിന്‍ സലിം സാക്ഷാത്കരിച്ചിരിക്കുന്നത്. സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന വാര്‍ഡിലെ 69ാം നമ്പര്‍ അങ്കണവാടിയാണ് ഇനി ആധുനിക സംവിധാനങ്ങളോടെ 14.50 ലക്ഷം രൂപ ചിലവഴിച്ച് മൂന്ന് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. ഇരുപതോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച പുതിയ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ഥികളെത്തിയത് ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടി.
അങ്കനവാടി കെട്ടിട നിര്‍മാണത്തിനായി കൊല്ലകുളം കെ.എ ജോസാണ് 3 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നല്‍കിയത്. വനിതാ-ശിശു ക്ഷേമ വകുപ്പിന്റെയും പഞ്ചായത്ത് വിഹിതവും ഉപയോഗിച്ച് 14.50 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ശീതികരണ സംവീധാനം അടക്കമുള്ള സൗകര്യങ്ങളോടെ 751 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ക്ലാസ് മുറി, ഓഫീസ്, അടുക്കള, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനും കളിക്കുവാനുമുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യ വാരത്തിലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടതിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഡോ. ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാര്‍ഡംഗം സുബിന്‍സലിം, പഞ്ചായത്തംഗങ്ങളായ, സജിന്‍ വട്ടപ്പള്ളി റിജോ വാളാന്തറ, നൈനാച്ചന്‍ വാണിയപുരയക്കല്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ഷെമിം അഹമ്മദ്, ജോസ് കൊല്ലംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.