തുക അനുവദിച്ചിട്ട് മൂന്ന് മാസമായിട്ടും അഞ്ചിലിപ്പ പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് തുടര്‍ നടപടികളില്ല. കഴിഞ്ഞ ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് കാഞ്ഞിരപ്പള്ളി – മണിമല റോഡില്‍ നിന്നു വിഴിക്കിത്തോട്, ചേനപ്പാടി, എരുമേലി, തുടങ്ങിയ സ്ഥലങ്ങളി ലേക്കു പോകുന്ന റോഡിലെ അഞ്ചിലിപ്പ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്.

തുടർന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനംഗം ജെസി ഷാജന്‍ പാലത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കാന്‍ 20 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍, ഇതുവരെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.  പാലത്തിന്‍റെ കൈവരികള്‍ പൂർണമായും തകര്‍ന്നു കിടക്കുകയാണ്. സംരക്ഷണ ഭിത്തിക്ക് ബലക്ഷയമുണ്ടായി അപ്രോച്ച് റോഡുക ളും തകര്‍ന്നു. സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേരാണ് പാലത്തെ ആശ്രയിച്ച് കടന്നു പോകുന്നത്. അതിനാൽ ഉടന്‍ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, അറ്റകുറ്റപ്പണികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും വൈകാതെ ജോലികള്‍ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് ഡിവിഷനംഗം ജെസി ഷാജന്‍ അറിയിച്ചു.