എരുമേലി : ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം എവിടെ നിര്‍മിക്കണമെന്നത് സംബന്ധിച്ച് ഒരാഴ്ചയായി സ്വകാര്യ കണ്‍സല്‍ട്ടിംഗ് ഏജന്‍സിയുടെ സര്‍വേ പുരോഗമിക്കുന്നു. അതേസമയം സര്‍വേ നടത്തുന്നത് സംബന്ധിച്ച് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് എസ്റ്റേറ്റ് അധികൃതര്‍ പറഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ചിന്റ്റെ അധീനത യിലാണ് എസ്റ്റേറ്റെങ്കിലും ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ തീര്‍പ്പായിട്ടില്ല. സര്‍ക്കാരും ബിലീവേഴ്‌സ് ചര്‍ച്ചുമായുളള ഉമസ്ഥാവകാശ തര്‍ക്കം തീര്‍പ്പാകാതെ വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. എട്ട് മാസമാണ് സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന കാലാവധി. 
വിവിധ രാജ്യങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിച്ചതിന്റ്റെ പരിചയം പരിശോധി ച്ചാണ് സര്‍വെ നടത്താന്‍ ലൂയി ബര്‍ഗ് ഏജന്‍സിയെ തെരഞ്ഞെടുത്തത്. ഗ്രീന്‍ഫീല്‍ഡ് മാതൃകയില്‍ വിമാനതാവളം നിര്‍മിക്കുന്നതിനുളള രൂപരേഖ തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രദേശത്തിന്റ്റെ ഹരിതഭംഗി നിലനിര്‍ത്തി പ്രകൃതി സൗഹൃദ മായ വിമാനത്താവളമാണ് ഗ്രീന്‍ഫീല്‍ഡ് മാതൃക. അതേസമയം എസ്റ്റേറ്റ് വിട്ടുകിട്ടി സര്‍ക്കാര്‍ ഭൂമിയായി വിജ്ഞാപനം പുറപ്പെടുവിച്ച് ഏറ്റെടുത്താലാണ് സ്വതന്ത്രമായി സര്‍വെ നടത്താന്‍ കഴിയുകയെന്ന് ഏജന്‍സി പ്രതിനിധികള്‍ പറയുന്നു. റവന്യു ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ഏജന്‍സി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പളളി തഹസീല്‍ദാര്‍ക്കും റവന്യു ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എസ്റ്റേറ്റ് സന്ദര്‍ശിച്ചിരുന്നു. 
എരുമേലി തെക്ക് , മണിമല വില്ലേജുകളിലായി 2256 ഏക്കര്‍ എന്ന് റവന്യു രേഖയിലുളള എസ്റ്റേറ്റില്‍ വിമാനത്താവളത്തിനും അനുബന്ധ കെട്ടിടങ്ങള്‍ക്കും അനുയോജ്യമായ സ്ഥലം സര്‍വെയില്‍ കണ്ടെത്തി നിര്‍ണയിക്കാനുണ്ട്. ഇതിന് ശേഷമാണ് സ്ഥലം സംബന്ധിച്ച് രൂപരേഖ തയ്യാറാവുക. പാരിസ്ഥിതിക ആഘാതം സംബന്ധിച്ചാണ് സര്‍വെയില്‍ ആദ്യം പരിശോധിക്കുക. വരുമാന സാധ്യത കൂടി സര്‍വെയിലുള്‍പ്പെടുന്നുണ്ട്. മറ്റ് വിമാനത്താവളങ്ങളുമായുളള ദൂര പരിധി പരിശോധിക്കും. ആകാശയാത്രക്ക് ആശ്രയിക്കാന്‍ നിര്‍ദിഷ്ട വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ എത്തുന്നതിന്റ്റെ സാധ്യതകള്‍ പരിശോധിക്കും. വാണിജ്യ സാധ്യതകളും ഇതിലുള്‍പ്പെടുന്നു. ശബരിമല തീര്‍ത്ഥാടകര്‍ വിമാനമാര്‍ഗം എത്തുന്നതിന്റ്റെ സാധ്യതകളും പരീശോധിക്കും. 
വിമാനത്താവളത്തിന്റ്റെ അന്തിമ രൂപരേഖയും നിര്‍മാണത്തിന് വേണ്ടിവരുന്ന തുക എത്രയാണെന്നും ഉള്‍പ്പടെയുളള റിപ്പോര്‍ട്ടും വ്യോമയാന മന്ത്രാലയത്തിന്റ്റെ അംഗീകാരം നേടാനാവശ്യമായ വസ്തുതകളുമടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഏജന്‍സി പ്രതിനിധികള്‍ പറഞ്ഞു. അതേസമയം എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കഴിയാതെ കോടതിയില്‍ തര്‍ക്കം നീളുന്നതിനാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസമേറുമെന്നാണ് സൂചനകള്‍. എസ്റ്റേറ്റിന്റ്റെ വില നിശ്ചയിച്ച് കോടതിയില്‍ നല്‍കിയ ശേഷം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഉടമസ്ഥാവകാശം തീര്‍പ്പാകുമ്പോള്‍ തുക കൈമാറുന്നതാണ് നിര്‍ദേശം.

എന്നാല്‍ തര്‍ക്കത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമായാണ് തീര്‍പ്പുണ്ടാകുന്നതെ ങ്കില്‍ തുക നല്‍കുന്നത് സര്‍ക്കാരിന് പ്രതികൂലമായി മാറുമെന്ന എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എസ്റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസം, പൊളിച്ച് നീക്കേണ്ടി വരുന്ന കെട്ടിടങ്ങള്‍ക്ക് പകരം നഷ്ടപരിഹാരം എന്നിവയുള്‍പ്പെട്ട പാക്കേജ് തയ്യാറാക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കും. സര്‍വെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുന്നതോടെ വിമാനത്താവള പദ്ധതിയില്‍ നിര്‍ണായകമായ പുരോഗതിയുണ്ടാകുമെന്നും തര്‍ക്കങ്ങളും തടസങ്ങളും അനിശ്ചിതത്വങ്ങളും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.