എരുമേലി : കൊരട്ടി പാലത്തിന് സമീപത്തുനിന്നും കണ്ണിമലയിലേക്കുളള ബൈപാസ് റോഡിൽ ഉറുമ്പിൽ പാലം കഴിഞ്ഞുളള വളവെത്തിയപ്പോൾ റോഡിൽ ഹംപ് ഉണ്ടെന്ന സൈൻ ബോർഡ് കണ്ട് കാർ ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടു. ഇതോടെ നിയന്ത്രണം തെ റ്റിയ വാഹനം റോഡിൽ നിന്നും 30 അടി താഴ്ചയുളള കുഴിയിലേക്ക് മറിഞ്ഞു. കാറിന് തൊട്ടു പിറകെ വന്ന  സ്കൂട്ടർ യാത്രികൻ റോഡരികിലേക്ക് കാർ തെന്നി മാറുന്നത് ക ണ്ട് എതിരെ വാഹനത്തിന് സൈഡ് കൊടുക്കുകയാണെന്ന് കരുതി കാറിന് പിന്നാലെ റോഡരികിലേക്ക് സ്കൂട്ടറോടിച്ചതോടെ സ്കൂട്ടറും കാറിന് പിന്നാലെ കുഴിയിലേക്ക് മറിഞ്ഞു.

മറിയുന്നതിനിടെ സ്കൂട്ടർ യാത്രികൻ റോഡിലേക്ക് വീണതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു .  മറിഞ്ഞ കാറിൽ നിന്നും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷ പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം. ആറന്മുള സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപെട്ടത്. കുമളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടർ യാത്രികൻ പുഞ്ചവയൽ സ്വദേശിയാണ്. നാട്ടുകാർ ചേർന്ന് സ്കൂട്ടർ ചുമന്ന് റോഡിൽ കയറ്റി.

അപകടത്തിൽ തകർന്ന കാർ ക്രെയിൻ സഹായമില്ലാതെ റോഡിൽ കയറ്റാനാവില്ല. മുമ്പ് നിരവധി തവണ ഇവിടെ വാഹനങ്ങൾ കുഴിയിലേക്ക് മറിഞ്ഞ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാർ, ഓട്ടോറിക്ഷ, മാരുതി വാൻ തുടങ്ങി ഒട്ടേറെ വാഹനങ്ങൾ ഇവിടെ മറിഞ്ഞിട്ടും ക്രാഷ് ബാരിയർ സ്ഥാപിക്കാൻ മരാമത്ത് നടപടികളെടുത്തില്ല. ക്രാഷ് ബാരിയർ ഇവിടെ സ്ഥാപിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾസംഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു.