പത്തനംതിട്ടയിൽനിന്നു ബെംഗളൂരുവിലേക്കു പോയ സ്വകാര്യ ബസ് അപകടത്തിൽ പ്പെട്ട് യാത്രക്കാരും രക്ഷാപ്രവർത്തകനുമടക്കം മൂന്നു പേർ മരിച്ചു. അപകടത്തിൽ പ്പെട്ട ബസിൽനിന്ന് പുറത്തിറങ്ങിയവരെ മറ്റൊരു ബസ് ഇടിച്ചു തെറിപ്പിക്കുകയായി രുന്നു. കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ. രാജൻ (67),  മുണ്ടക്കയം പറത്താനം മൂന്നാനപ്പള്ളിയിൽ സണ്ണി ജോസഫിന്റെ മകൻ ജിനു മോൻ ജോസ് (28), കൊല്ലം അഞ്ചാലുമ്മൂട് ചിറ്റിലക്കാട്ട് തെക്കേതിൽ ബൈജു (ഷാജി) എന്നിവരാണ് മരിച്ചത്. പത്തിലേറെപ്പേർക്കു പരുക്കുണ്ട്.

തമിഴ്നാട്ടിലെ ഡിണ്ടിഗലിനു സമീപം വേദസന്തൂരിലാണു അപകടം. മഴയെത്തുടർന്നു ബസ് തെന്നി മറിയുകയായിരുന്നു. ഈ ബസിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു രാജ നും ജിനുവും. മിനി ലോറിയിൽ വരികയായിരുന്ന ബൈജു അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു.ബസിൽ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവർ പുറത്തിറങ്ങി റോഡിലേക്ക് കയറും വഴി മറ്റൊരു ബസ് ഇടി ക്കുകയായിരുന്നു.

മരിച്ച ജിനു ബെംഗളുരു അഡോബി സിസ്റ്റംസ് ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് സീനിയർ എക്സിക്യൂട്ടീവാണ്. ശനിയാഴ്ച വൈകിട്ട് ആറിനാണ് മുണ്ടക്കയത്തുനിന്നു പുറപ്പെട്ടത്. രണ്ടാഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്നിരുന്ന ജിനു സ്ഥിരം ബസിലും വിമാനമാർഗവുമാണു ബെംഗളുരുവിലേക്കു യാത്ര ചെയ്തിരുന്നത്. അഞ്ചു വർഷമായി ഐടി മേഖലയിൽ ജോലിചെയ്യുന്ന ജിനു ഒന്നരവർഷം മുൻപാണ് അഡോബി സിസ്റ്റംസിൽ ചേർന്നത്. മാതാവ്: ആൻസി, സഹോദരൻ: ജിജു