എരുമേലി : റോഡ് കുറുകെ കടക്കുന്നതിനിടെ പാഞ്ഞുവന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് തലയിലൂടെ കയറിയിറങ്ങി വയോധിക തല്‍ക്ഷണം മരിച്ചു. കണ്ണിമല പുത്തന്‍പുരയ്ക്കല്‍ പരേതനായ ആന്റ്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റ്റണി (87) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ഓടെ മുണ്ടക്കയം-എരുമേലി റോഡിലെ കണ്ണിമല പവ്വത്തുപടിയിലാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്ന് പാഞ്ഞു വന്ന മിനി ബസ് ആണ് വയോധികയെ ഇടിച്ചിട്ടത്. 

ബസിന്റ്റെ ടയര്‍ വയോധികയുടെ തലയിലൂടെ കയറി ഇറങ്ങിയ ഹൃദയഭേദകമായ കാഴ്ചയായിരുന്നെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ നടുക്കത്തോടെ പറഞ്ഞു. അടുത്തുളള ബന്ധുവിന്റ്റെ വീട്ടില്‍ പോയ വയോധിക മടങ്ങാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. തീര്‍ത്ഥാടക വാഹനം പോലിസ് കസ്റ്റഡിയിലെടു ത്തെന്നും കേസെടുത്തെന്നും പോലിസ് അറിയിച്ചു.

അമിതവേഗവും അശ്രദ്ധയോടെയുളള ഡ്രൈവിംഗുമാണ് വയോധികയുടെ ജീവനെടുത്തത്. മുണ്ടക്കയം, എരുമേലി പോലിസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് കണ്ണിമല സെന്റ്റ് ജോസഫ് പളളിയില്‍. മക്കള്‍ ലീലാമ്മ, ജോസ്, പോള്‍, തോമസ്. മരുമക്കള്‍- ജോസ് ആനിക്കാട്ടുകുന്നേല്‍, ജെസ്സി, ജിജി.