പാറത്തോട് പാലപ്ര റോഡില്‍ ഇറക്കത്തിലെ അപകട വളവില്‍ വീണ്ടും അപകടം. മനയാനി വളവില്‍ പാലപ്ര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ശനിയാഴ്ച നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് അപകടമുണ്ടായി. വൈകിട്ട് 5.20തോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പതിക്കുകയായിരുന്നു. മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. റോഡില്‍ കല്ലും മണ്ണും നിരന്ന് കിടക്കുന്നതും അപകടത്തിന് കാരണമായതായി പ്രദേശവാസികള്‍ പറയുന്നു. അടുത്ത നാളുകളായി മൂന്നാമത്തെ അപകടമാണിത്. നേരത്തെ . നിയന്ത്രണം വിട്ട ലോറി വീടിന്റെ പോര്‍ച്ചിലേക്ക് ഇടിച്ച് കയറിയും ലോഡുമായി എത്തിയ ടോറസ് നിയന്ത്രണം വീട്ട് സമീപത്തെ പറമ്പിലേക്കു ചാടിയും അപകടമുണ്ടായിരുന്നു. ക്വാറിയില്‍ നിന്നടക്കമുള്ള ലോറികള്‍ ചീറിപായുന്ന റോഡില്‍ സുരക്ഷ സംവീധാനം ഇല്ലാത്തത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കുത്തിറക്കത്തിലെ അപകട വളവില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് മാസം മുന്‍പ് ലോറി അപകടത്തില്‍പ്പെട്ടപ്പോള്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കരിങ്കല്‍പെറുക്കിവെച്ച് താത്കാലിക വേലി നിര്‍മിച്ചെങ്കിലും അപകടം ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്ന് നാ്ടുകാര്‍ പറയുന്നു.