എരുമേലി : സ്വന്തം കടയുടെ മുൻപിൽ ഇരിക്കുകയായിരുന്ന വീട്ടമ്മ മരുമകൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചു. എലിവാലിക്കര ഓലിക്കൽ പരേതനായ ദാനിയലിന്റെ ഭാര്യ മറിയാമ്മയാണ് (86) മരിച്ചത്. കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു കടയിലേക്ക് കയറുകയായിരുന്നു. കാർ പറമ്പിലെ റബറിൽ ഇടിച്ചാണ് നിന്നത്.ഇന്നലെ വൈകുന്നേരം പേരൂർത്തോട്–മുക്കൂട്ടുതറ പാതയിലെ എലിവാലിക്കര കവലയ്ക്കു സമീപമാണ് അപകടം. മറിയാമ്മയുടെ മകളുടെ ഭർത്താവ് തങ്കച്ചൻ ഭാര്യ കുഞ്ഞുമോൾക്കും ഇവരുടെ ചെറുമകൻ ആബേലിനുമൊമൊപ്പം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഇവർ മറിയാമ്മയുടെ വീടിന് അടുത്തുതന്നെയാണ് താമസിക്കുന്നത്. കാർ മറിയാമ്മയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നു പൊലീസ് പറയുന്നു. ഇടിച്ച പോസ്റ്റ് കാറിന് മുകളിലേക്ക് വീണെങ്കിലും കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല.   മറിയാമ്മയുടെ സംസ്കാരം പിന്നീട്. പരേത കുത്തതയിൽ വലിയ കിഴക്കേക്കര കുടുംബാംഗമാണ്. മറ്റു മക്കൾ: സാബു, പരേതരായ രാജു, സിസിലി. മറ്റു മരുമക്കൾ: സൂസമ്മ, സാലി.