കാറിടിച്ച് ചെണ്ട മേള കലാകാരനായ ബൈക്ക് യാത്രികൻ മരിച്ചു
ചിറക്കടവ്: പൊൻകുന്നം-മണിമല റോഡിൽ ചിറക്കടവ് എസ്.ആർ.വി.കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തെക്കേത്തുകവല പാറാംതോട് കാതകപ്പള്ളിൽ കെ.ജെ.പ്രസാദ്(ലാൽ-45) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്കായിരുന്നു അപകടം.

പരിക്കേറ്റ പ്രസാദിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. പാമ്പാടി ജനറൽ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അങ്കൺവാടി ജീവനക്കാരിയായ ഭാര്യയെ കൂട്ടിക്കൊണ്ടുവരാനാണ് പ്രസാദ് ബൈക്കിൽ പോയത്. സി.ഐ.ടി.യു.ടിംബർ തൊഴിലാളിയൂണിയൻ അംഗമായിരുന്നു. ചെണ്ടവിദ്വാൻ കാതകപ്പള്ളി ജനാർദ്ദനന്റെയും ചിന്നയുടെയും മകനാണ്. പ്രസാദും ചെണ്ടമേളക്കാരനായിരുന്നു. ഭാര്യ: പി.ജി.മഞ്ജു. മക്കൾ: ശ്യാംപ്രസാദ്, സേതുപ്രസാദ്. ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് പാറാംതോട് പൊതുശ്മശാനത്തിൽ.