ശബരിമല റൂട്ടിൽ വാഹനങ്ങളുടെ അടിഭാഗം സ്കാനറിലൂടെ പരിശോധിക്കും : സുരക്ഷ കർശനമാക്കാൻ രണ്ടര കോടി ചെലവിട്ട് കാമറകളും.
എരുമേലി : മുമ്പ് പമ്പ മുതൽ സന്നിധാനം വരെയായിരുന്നു ശബരിമല തീർത്ഥാടനകാ ലത്ത് വാഹനങ്ങൾ പോലിസ് നിരീക്ഷിച്ചിരുന്നതെങ്കിൽ ഇത്തവണ സമൂലമായ മാറ്റം നടപ്പിലാക്കി സുരക്ഷ വർധിപ്പിക്കാനൊരുങ്ങുകയാണ് പോലിസ്. ചാലക്കയത്ത് റോഡിൽ സ്കാനിങ് യന്ത്രം സ്ഥാപിച്ച് വാഹനങ്ങളുടെ അടിഭാഗം സ്കാൻ ചെയ്ത് സ്ഫോടക വസ്തുക്കളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇനി വാഹനങ്ങൾ കടത്തിവി ടുക. പരിശോധനക്ക് ശേഷം ഈ വാഹനങ്ങൾക്ക് പോലിസ് സ്ലിപ് നൽകും. സ്ലിപ് ലഭിക്കാത്ത വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
എഡിജിപി സുരേഷ് കുമാർ ആണ് സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പടെ ശബരിമല തീർത്ഥാടന സേവനത്തിന് പോലിസിൻറ്റെ ചീഫ് കോർഡിനേറ്റർ. ഐജി മനോജ് എബ്ര ഹാം, ഐജി പി വിജയൻ എന്നിവരാണ് ജോയിൻറ്റ് കോർഡിനേറ്റർമാർ. ചാലക്കയം-പമ്പ റോഡിൽ 37 സ്ഥിരം കാമറകൾ ഇത്തവണ സ്ഥാപിക്കുന്നുണ്ട്. ഇതിനായി പണി കൾ പുരോഗമിക്കുന്നു. രണ്ടര കോടി രൂപയാണ് ഇതിന് ചെലവിടുന്നത്. അഞ്ച് കിലോമീറ്ററിനുളളിലാണ് സ്ഥിരം കാമറകളിലൂടെ നിരീക്ഷണം. പമ്പയിലേക്ക് വരുന്ന മുഴുവൻ വാഹനങ്ങളെയും കാമറകളിലൂടെ നിരീക്ഷണവലയത്തിലാക്കാൻ കഴിയുമെന്നുളളതാണ് ഏറ്റവും പ്രധാനമായ പ്രത്യേകത.
ഇതാദ്യമായാണ് പമ്പ-ചാലക്കയം റൂട്ട് കാമറാ നിരീക്ഷണത്തിലാക്കുന്നത്. നേരത്തെ പമ്പ മുതൽ സന്നിധാനം വരെ കാമറാ നിരിക്ഷണമുണ്ടായിരുന്നെങ്കിലും വാഹനങ്ങൾ നിരീക്ഷിക്കാൻ കഴിയുമായിരുന്നില്ല. അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിൽ കാമറകളി ലൂടെ സ്ഥിരം നിരീക്ഷണം സാധ്യമാകുന്നത് വനം വകുപ്പിനും പ്രയോജനപ്പെടും. പഴുതുകളില്ലാത്തതും കർശനവുമായ സുരക്ഷാസംവിധാനങ്ങളാണ് ഇത്തവണ നടപ്പിലാക്കാൻ നടപടികളായിരിക്കുന്നത്.
പോലിസ് നൽകുന്ന തിരിച്ചറിയൽ രേഖയില്ലാതെ ആരെയും സന്നിധാനത്തും പമ്പയിലും പരിസരങ്ങളിലും ജോലി ചെയ്യാൻ അനുവദിക്കില്ല. ഇതിനായി പ്രത്യേക സ്ക്വാഡ് പരിശോധനകൾ നടത്തിക്കൊണ്ടിരിക്കും. എട്ട് എസ്പി മാർക്കാണ് പമ്പയിലും സന്നിധാനത്തും സുരക്ഷാ ചുമതല.