മുണ്ടക്കയം : വയസ് 46 ആയപ്പോഴാണ് മലയാളം മാത്രം പറഞ്ഞോണ്ടിരുന്നാൽ മതിയോ എന്ന ചിന്ത രാധാകൃഷ്ണനിൽ തുടങ്ങിയത്. രാധാകൃഷ്ണൻറ്റെ ഭാഷയിൽ പറഞ്ഞാൽ പിന്നങ്ങോട്ടൊന്നും നോക്കിയില്ല. കിട്ടിയ ഭാഷയിലെല്ലാം സംസാരിക്കാൻ പഠിച്ചു. ഇപ്പോൾ പ്രായം 54 ആയപ്പോഴേക്കും 14 ഭാഷകളാണ് വഴങ്ങിയത്. മുണ്ടക്കയം ഇളംകാട് സ്വദേശിയാണ് തടത്തിൽ രാധാകൃഷ്ണൻ.
അവസാനം പഠിച്ചത് അറബിയാണ്. കലാഭവൻ മണിയാണ് അറബി പഠിക്കാൻ നിർ ദേശിച്ചതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം വരെ കാളകെട്ടി ശിവ പാർവതി ക്ഷേത്രത്തിലായിരുന്നു സേവനം.  ശബരിമല തീർത്ഥാടന ഇടത്താവളമായ കാളകെട്ടി യി ൽ കൊടുംവനത്തിലൂടെ യാത്ര തുടരാനെത്തുന്ന ഭക്തർക്ക് രാധാകൃഷ്ണൻ മൈക്കിലൂടെ വിവിധ ഭാഷകളിലാണ് നിർദേശങ്ങൾ നൽകിയത്.
തെലുങ്ക്, കന്നഡ, തമിഴ്, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, ഉറുദു തുടങ്ങി വിവിധ ഭാഷകളിൽ സംസാരിക്കും. മൈക്ക് അനൗൺസ്മെൻറ്റിന് പോകാൻ തുണയായതും ഭാഷാ പ്രാവീണ്യമാണ്. വിവിധ ദേശങ്ങളിലുളളവരുമായി നിരന്തരം സമ്പർക്കം നടത്തിയാൽ ഭാഷ പ്രശ്നമല്ലാതാകുമെന്ന് രാധാകൃഷ്ണൻ പറയുന്നു. അയ്യപ്പഭക്തൻ കൂടിയായ ഇദ്ദേഹം എരുമേലിയിൽ ശബരിമല സീസണുകളിൽ ക്ഷേത്രങ്ങളിൽ മൈക്ക് അനൗൺസറായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ സുഷമ. മക്കൾ സരിക, ശരിൺ.