പൊന്‍കുന്നം:കാണികള്‍ ശ്വാസമടക്കി നില്‍ക്കവേ അഞ്ച് മാരുതി ജിപ്‌സി ജീപ്പുകള്‍ ഒന്നിനു പുറകെ ഒന്നായി റോജി ആന്റണിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിക്കൊണ്ടിരുന്നു, ഒന്നല്ല; നൂറ്റൊന്നു തവണ. പ്രകടനം കഴിഞ്ഞപ്പോള്‍ പൊന്‍കുന്നത്തു പിറന്നത് ലോകറിക്കാര്‍ഡ്.

ഇന്‍ഡഗ്രേറ്റഡ് മാര്‍ഷല്‍ ആക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ചിറക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ഇന്നലെ വൈകു ന്നേരം നാലിനായിരുന്ന ലോകറിക്കാര്‍ഡ് പ്രകടനം. ഒരു മണിക്കൂര്‍ 14 സെക്കന്‍ഡില്‍ 101 തവണ ജീപ്പ് ശരീരത്തിലൂടെ കയറ്റിയിറക്കിയാണ് കരാട്ടെ, ബോക്‌സിംഗ് താരമായ റോജി റിക്കാര്‍ഡ് സൃഷ്ടിച്ചത്. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ പ്രതിനിധിയായ സുനില്‍ ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം.

റോജിയുടെ സുഹൃത്തുക്കളായ പി.എ. ജമാലുദീന്‍, അഫ്‌സല്‍ ഹനീഫ, മോന്‍സി കാരയ്ക്കാട്ട്, ജോസ് സെബാസ്റ്റ്യന്‍, റെജിലാല്‍ എന്നിവരായിരുന്നു വാഹനങ്ങള്‍ ഓടിച്ചത്.

റോജിയെ ഡോ.എന്‍. ജയരാജ് എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. തോട്ടുങ്കല്‍ കുടുംബാംഗമായ ജൂലിയാണ് ജോജിയുടെ ഭാര്യ. മക്കള്‍: മിന്നു, ഹര്‍ഷ, നിമിഷ. മൂവരും അണക്കര മൗണ്ട് ഫോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍.കുമളിയില്‍ താമസിക്കുന്ന റോജിയുടെ ജന്മനാട്ടിലെ റിക്കാര്‍ഡ് പ്രകടനത്തിനു സാക്ഷ്യം വഹിക്കാന്‍ ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങളും എത്തിയിരുന്നു.

കരാട്ടേ, ബോക്‌സിംഗ് തുടങ്ങിയ അഭ്യാസപ്രകടനങ്ങിലൂടെ ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അമ്പതുകാരനായ റോജി കഴിഞ്ഞ 33 വര്‍ഷമായി ആയോധന കലാരംഗത്തു നിറസാന്നിധ്യമാണ്. ഒക്‌നോവ ഷ്വോറിന്‍ റിയു റിയോകാന്‍ കരാട്ടെ അസോസിയോഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ്. ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം, റിക്കാര്‍ഡ് സെക്ടര്‍ യുഎസ്എ എന്നിവയില്‍ ഈ പ്രകടനം ഇടംപിടിക്കും.

ഗിന്നസ് ബുക്കില്‍ നിലവില്‍ 3,000 കിലോഗ്രാം ഭാരമുള്ള വാഹനം എട്ടു പ്രാവശ്യവും 4,000 കിലോഗ്രാം ഭാരമുള്ള വാഹനം ഒരു തവണയും തുടര്‍ച്ചയായി ദേഹത്തുകൂടി കയറ്റിയിറക്കിയ യൂറോപ്യന്‍ പൗരന്റെ പേരിലാണു നിലവിലെ റിക്കാര്‍ഡ്. കര്‍ണാടക മുന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ കൂടിയാണ് റോജി.