കാഞ്ഞിരപ്പള്ളി: വിദ്യാലയ മുറ്റത്ത് വേറിട്ടൊരു പാഠശാല ഒരുക്കി മുരിക്കുംവയല്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. പുതിയ അധ്യയന വര്‍ഷത്തില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായാണ് അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് പരിസ്ഥിതി സൗഹൃദ പാഠശാല ഒരുക്കി കാത്തിരിക്കുന്നത്.

വിദ്യാലയ മുറ്റത്തെ വെട്ടിമരചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഇരി പ്പിടത്ത് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനിരിക്കാം.പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷത്തിന്റെ തണലിരുന്ന് പഠിക്കുന്നതിനൊപ്പം പഴയ കാലത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പരിചയപ്പെടുത്തുക യാണ് പുതിയ ക്‌ളാസ് സംവിധാനത്തിന്റെ ലക്ഷ്യമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ഥികളില്‍ പരിസ്ഥിതിയെ സ്‌നേഹിച്ചും പരിപാലിച്ചും വളരേ ണ്ടതിന്റെ ആവശ്യകത മനസിലാക്കുകയുമാകാം. പരിസ്ഥിതി ക്‌ളബ്ബി ന്റെ നേതൃത്വത്തിലാണ് നിര്‍മാണം നടത്തിയത്. പ്രധാന അധ്യാപകന്‍ എം. സി. ഓമനക്കുട്ടനാണ് ഹരിതാഭമായ പഠനകേന്ദ്രമെന്ന ആശയം മുന്നോട്ടു വച്ചത്. തറകെട്ടി തിരിച്ച മരത്തിനു ചുറ്റും കോണ്‍ക്രീറ്റു കൊ ണ്ടു ബഞ്ചുകള്‍ ക്രമീകരിച്ചിരിക്കുകയാണ്. ചുറ്റുപാടും പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ബഞ്ചുകളും തറയും മനോഹരമായി ചായം പൂശി. നിര്‍മാണത്തിന് അരലക്ഷത്തോളം രൂപ ചിലവായി കഴിഞ്ഞു.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പള്‍ വി.കെ. പുഷ്പകുമാരി,എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സല്‍ത്ത് ബീവി കെ.പി, അധ്യാപകരായ ജയലാല്‍, സന്തോഷ് കുമാര്‍,സിനീയര്‍ അസിസ്റ്റന്റ് പി.എ.ഇബ്രാഹിം കുട്ടി,വര്‍ഗീസ് എം.ജെ,പി.ടി.എ. പ്രസിഡന്റ് ശാലിനി ജയ്‌മോന്‍,വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുക കണ്ടെത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.